അഫ്ഗാനിലെ കുന്ദൂസ് പിടിച്ചടക്കാന്‍ ശ്രമം; സൈന്യവും താലിബാനും തമ്മില്‍ സംഘര്‍ഷം

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദൂസ് പ്രവിശ്യ പിടിച്ചടക്കാനുള്ള താലിബാന്‍ പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ സര്‍ക്കാര്‍ സൈന്യവുമായി സംഘര്‍ഷം. വ്യാഴാഴ്ച മുതല്‍ താജികിസ്താന്‍ അതിര്‍ത്തിയിലും പ്രവിശ്യാ തലസ്ഥാനത്തിനടുത്തും സുപ്രധാനമായ ആറു ജില്ലകളിലാണ് സംഘര്‍ഷം നടക്കുന്നത്. കുന്ദൂസ് പ്രവിശ്യ കഴിഞ്ഞവര്‍ഷം താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടക്കി ഏതാനും ദിവസങ്ങള്‍ നിയന്ത്രണത്തില്‍ വച്ചിരുന്നു. പിന്നീട് പ്രവിശ്യ സൈന്യം തിരിച്ചുപിടിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് കുന്ദൂസ് പോലിസ് മേധാവി മുഹമ്മദ് ഖാസിം ജംഗള്‍ബാഖ് അറിയിച്ചു. സംഘര്‍ഷം രൂക്ഷമായി തുടരുകയാണെങ്കിലും താലിബാന് പ്രദേശം പിടിച്ചെടുക്കാനായില്ലെന്നും അവര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയുമാണെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.
വസന്തകാല ആക്രമണങ്ങള്‍ക്ക് താലിബാന്‍ ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കുന്ദൂസ് തിരിച്ചുപിടിക്കാനുള്ള ദൗത്യം ആരംഭിച്ചത്. പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും തുരത്താന്‍ ഒളിപ്പോരും സ്‌ഫോടനവുമുള്‍പ്പെടെ കടുത്ത ആക്രമണങ്ങള്‍ നടത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് കുന്ദൂസിനെയും അടുത്തുള്ള തഖറിനെയും ബന്ധിപ്പിക്കുന്ന ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ 30 താലിബാന്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും 20ഓളം പേരെ പരിക്കേല്‍പ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ആറു ജില്ലകളിലെ ഔട്ട്‌പോസ്റ്റുകള്‍ പിടിച്ചെടുത്തതായും ഏഴു സൈനികരെ കൊലപ്പെടുത്തിയതായും താലിബാന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it