wayanad local

അപ്രോച്ച് റോഡുകള്‍ക്ക് പാര്‍ശ്വഭിത്തിയില്ല; തിടുക്കത്തില്‍ റോഡ് നിര്‍മിച്ച് ഉദ്ഘാടനത്തിന് നീക്കം

വെള്ളമുണ്ട: പഞ്ചായത്തിലെ കക്കടവ് പാലം പൂര്‍ത്തിയായ സാഹചര്യത്തില്‍ അപ്രോച്ച് റോഡുകള്‍ക്ക് പാര്‍ശ്വഭിത്തി നിര്‍മിക്കാതെ റോഡ് നിര്‍മിച്ച് ഉദ്ഘാടനം നടത്താന്‍ നീക്കം. മൂന്നു വര്‍ഷം മുമ്പാണ് വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രീതിയില്‍ പാലയാണ കക്കടവില്‍ പാലം നിര്‍മാണം ആരംഭിച്ചത്.
നാലു കോടി എട്ടു ലക്ഷം രൂപ അനുവദിച്ചു. പാലത്തില്‍ നിന്നു മുണ്ടക്കുറ്റി ഭാഗത്തേക്കും ചേര്യംകൊല്ലി ഭാഗത്തേക്കും പാലയാണ ഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡ് നിര്‍മാണമുള്‍പ്പെടെയുള്ള എസ്റ്റിമേറ്റ് ആയിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ റോഡുകള്‍ക്ക് പുഴയില്‍ നിന്നു സുരക്ഷാമതില്‍ കെട്ടാതെ മണ്ണിട്ട് ഉയര്‍ത്തി സോളിങ് നടത്തി ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.
അനുവദിച്ച തുകയുടെ പണി പൂര്‍ത്തിയായെന്നാണ് അധികൃതരുടെ നിലപാട്. മുണ്ടക്കുറ്റി ഭാഗത്തേക്കുള്ള 130 മീറ്റര്‍ ദൂരവും ചോര്യംകൊല്ലി ഭാഗത്തേക്കുളള 70 മീറ്റര്‍ ദൂരവും പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കാന്‍ പുതുതായി എസ്റ്റിമേറ്റ് ഉണ്ടാക്കി ഫണ്ടനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാവുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമെന്നതിനാലാണ് തിടുക്കത്തില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താന്‍ നീക്കം നടക്കുന്നത്. സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കാതെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കിയാല്‍ അടുത്ത മഴക്കാലത്തിന് മുമ്പായി മണ്ണ് ഒഴുകിയിറങ്ങി റോഡ് തകരും. കോടികള്‍ മുടക്കി നിര്‍മിച്ച പാലത്തിന്റെ പ്രയോജനം ലഭ്യമാവാന്‍ മുഴുവന്‍ ജോലികളും ശാസ്ത്രീയമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഉദ്ഘാടനം ചെയ്യാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ പാലയാണ പൗരസമിതി തീരുമാനിച്ചു. പി വി ജോസ് അധ്യക്ഷത വഹിച്ചു. ഇ കെ വാസു, ടി എം ശ്രീനിവാസന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it