Pathanamthitta local

അപ്രോച്ച് റോഡില്ലാത്ത പാലം; തിരഞ്ഞെടുപ്പില്‍ കണ്ണുനട്ട് നാട്ടുകാര്‍

തിരുവല്ല: അപ്രോച്ച് റോഡില്ലാത്ത പാലവുമായി ഏണിയേറിക്കഴിയുന്ന തെങ്ങേലി-വള്ളഞ്ഞവട്ടം പ്രദേശത്തെ ജനങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ ഒരാവശ്യമേ രാഷ്ട്രീയ പാര്‍ട്ടികളോടും സ്ഥാനാര്‍ഥികളോടും പറയാനുള്ളൂ. പണി പൂര്‍ത്തിയായി ഇരുകര മുട്ടിയിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഉപയോഗപ്പെടുത്താനാകാത്ത പാലം ഇനിയെങ്കിലും പൂര്‍ണതയിലെത്തിക്കണം. മണിമലയാറ്റില്‍ പനച്ചമൂട്ടില്‍ക്കടവില്‍ നിര്‍മിച്ച പാലത്തിനാണ് ഈ ദുര്‍ഗതി.
2013 മാര്‍ച്ചിലാണ് പാലത്തിന്റെ പണികള്‍ പൂര്‍ത്തിയായത്. ഒരു വശത്ത് അപ്രോച്ച് റോഡിനായി മണ്ണിട്ട് പാലത്തിലേക്ക് കയറാന്‍ വഴിയൊരുക്കിയിരുന്നു. വള്ളഞ്ഞവട്ടം കരയില്‍ അപ്രോച്ച് റോഡിനായി ഒരു തരി മണ്ണ് പോലും ഇടാന്‍ കഴിഞ്ഞില്ല. പണി തീര്‍ത്തിട്ടും നടക്കാന്‍ കഴിയാതെ മൂന്നുമാസം പിന്നിട്ടപ്പോള്‍, കുറ്റൂര്‍ പഞ്ചായത്ത്, അപ്രോച്ച് റോഡില്ലാത്ത ഭാഗത്ത് ഇരുമ്പുകൊണ്ട് ഏണി നിര്‍മിച്ചു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ഏണിവച്ച പാലം യാഥാര്‍ഥ്യമായി. പിന്നീട് പ്രശ്‌നപരിഹാരത്തിനായി നാട്ടുകാര്‍ വിവിധ കേന്ദ്രങ്ങളില്‍ നിവേദനങ്ങളില്‍ നല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. ഇതിനിടെ തെങ്ങേലി വാലയില്‍ അമ്മിണി ജോണ്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
ആശുപത്രിയില്‍ പോകാന്‍ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തേണ്ട പാലം നിസ്സാരമായ സാങ്കേതികതയില്‍ കുടുങ്ങി കിടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഈ പരാതിയില്‍ 2014 മെയ് മുതല്‍ കമ്മീഷന്‍ പല പ്രാവശ്യം നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അപ്രോച്ച് റോഡിന് സ്ഥലമെടുപ്പായിരുന്നു പ്രശ്‌നമെന്നാണ് പറപ്പെടുന്നത്.
എന്നാല്‍, 12 കുടുംബങ്ങള്‍ ഇത് സംബന്ധിച്ച് സമ്മത പത്രം ഒപ്പിട്ടു നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്ത് കാരണത്താലാണ് അപ്രോച്ച് റോഡ് നിര്‍മിക്കാത്തതെന്ന് പറയാനുള്ള ബാധ്യതയെങ്കിലും അധികൃതര്‍ നിറവേറ്റണമെന്ന് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു.
ഓട്ടാഫീസ് കടവ് പാലത്തിനും ഇതു തന്നെയായിരുന്നു സ്ഥിതിയെങ്കിലും ഇപ്പോള്‍ മണ്ണിട്ട് അപ്രോച്ച് റോഡ് ഉയര്‍ത്തിയിരിക്കുന്നതിനാല്‍ പാലം ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്.
Next Story

RELATED STORIES

Share it