അപ്പീല്‍ വൈകിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതി വിമര്‍ശനം

കൊച്ചി: കേരളകൗമുദിക്കെതിരായ കേസില്‍ അപ്പീല്‍ വൈകിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതി വിമര്‍ശനം. സര്‍ക്കാരിനെ കേള്‍ക്കാതെ വിധി പ്രസ്താവിച്ച കീഴ്‌കോടതി ഉത്തരവുണ്ടായിട്ടും അപ്പീല്‍ നല്‍കാതെ അലംഭാവം കാണിച്ച നടപടിയെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ വിമര്‍ശിച്ചത്.

ലോവര്‍ പെരിയാര്‍ ടണലുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയ പത്രത്തിനെതിരേ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ഹരജി നല്‍കിയിരുന്നു. വാര്‍ത്ത നല്‍കിയ മറ്റു പത്രങ്ങളെ ഒഴിവാക്കി കേരളകൗമുദിക്കെതിരേ മാത്രം കേസ് നല്‍കുകയും മോശമായ പ്രചാരണം നടത്തുകയും ചെയ്തതിനെതിരേ എഡിറ്റര്‍ തിരുവനന്തപുരം സബ് കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. കേസില്‍ സര്‍ക്കാരിനോട് പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കീഴ്‌കോടതി ഉത്തരവിട്ടു. ഇതിനെതിരേ സര്‍ക്കാര്‍ സമര്‍പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.ഉത്തരവുണ്ടായി 550 ദിവസത്തിനു ശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കീഴ്‌കോടതി ഉത്തരവിനോട് സര്‍ക്കാര്‍ ശരിയായ രീതിയിലല്ല സമീപിച്ചതെന്ന് കോടതി വിമര്‍ശിച്ചു. ഉത്തരവു പ്രകാരം പണം നല്‍കാന്‍ തീരുമാനിച്ചിരുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച ഫയല്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയെങ്കിലും ഫയലുകള്‍ നശിച്ചുപോയെന്ന മറുപടിയാണുണ്ടായത്.

അപ്പീല്‍ പരിഗണനയിലിരിക്കെ ഫയല്‍ നശിച്ചുപോയതിനെതിരേ അന്വേഷണം നടത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടതോടെ ഉത്തരവിന്റെ പകര്‍പ്പുണ്ടെന്നും ഇതു ഹാജരാക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഈ കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തിയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍, സര്‍ക്കാരിനെ കേള്‍ക്കാതെ കീഴ്‌കോടതി ഉത്തരവുണ്ടായതിനാല്‍ വിശദീകരണം നല്‍കാനായില്ലെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്ത് അപ്പീല്‍ അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടു. പൊതുപണം ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ വിശദാംശങ്ങള്‍ ആവശ്യമായ കേസാണിത്. ഇതിനാല്‍ ഇരുപക്ഷവും വീണ്ടും കീഴ്‌കോടതിയെ സമീപിച്ച് വാദം ഉന്നയിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ അപ്പീല്‍ നിലവിരിക്കെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹൈക്കോടതിയെ അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it