kannur local

അപ്പര്‍ ചീക്കാട് കോളനിയില്‍ കടുവയിറങ്ങിയെന്ന് പ്രദേശവാസികള്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

തളിപ്പറമ്പ്: അപ്പര്‍ചീക്കാട് കോളനിയില്‍ കടുവയിറങ്ങിയതായി പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം രാത്രി കോളനിയിലെ ആദിവാസി കുടുംബത്തിന്റെ വീട്ടിനുള്ളിലെത്തിയ കടുവ ഇവരുടെ വളര്‍ത്തു നായയെ കടിച്ചു കീറി. കുറുവാട്ട് വീട്ടില്‍ സുരേഷിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ നാലോടെ കടുവയെത്തിയത്. സുരേഷും ഭാര്യ പത്മാവതിയും മക്കളും വീട്ടിലുണ്ടായിരുന്നു. നായയുടെ ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോള്‍ കടുവ ആക്രമിക്കുന്നതാണ് കണ്ടത്. പേടിച്ചുബഹളം വച്ചതോടെ കടുവ ഓടിപ്പോയി. കഴിഞ്ഞയാഴ്ച്ചയും പ്രദേശവാസികള്‍ കടുവയെ കണ്ടിരുന്നുവത്രെ. എന്നാല്‍, വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. സുരേഷിന്റെ വീട്ടിന് മുന്നിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചെങ്കിലും കടുവയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മണ്ണില്‍ വേണ്ടവിധം കാല്‍പാട് പതിയാത്തതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. അതേസമയം, വലിയ വന്യജീവിയുടെതാണ് കാല്‍പ്പാടെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ വന്യജീവി ആക്രമം പതിവാണ്. ഇനിയും സമാനമായ സംഭവം നടക്കുകയാണെങ്കില്‍ കൂട് വച്ച് വന്യജീവിയെ പിടികൂടാന്‍ നടപടിയെടുക്കുമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ വി മനോജ്കുമാര്‍ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരായ ശിവശങ്കരന്‍, വല്‍സരാജ് എന്നിവരു നേതൃത്വത്തിലുള്ള സംഘമാണ് കോളനിയിലെത്തിയത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ അപ്പര്‍ ചീക്കാട് കോളനിയില്‍ വന്യ മൃഗശല്യം രൂക്ഷമാണ്.
Next Story

RELATED STORIES

Share it