അപൂര്‍വ സൗഭാഗ്യത്തിന്റെ നിറവില്‍ അഖില്‍ സുരേഷ്

കൊച്ചി: പിതാവില്‍ നിന്നു സനദ്ദാന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ കഴിഞ്ഞ അപൂര്‍വസൗഭാഗ്യത്തിന്റെ നിറവില്‍ അഖില്‍ സുരേഷ്. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കേരള ബാര്‍ കൗണ്‍സിലിന്റെ എന്റോള്‍മെന്റ് ചടങ്ങില്‍ 114ാം നമ്പര്‍ സനദ് വിതരണം ചെയ്തപ്പോള്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിനും അത്്് അഭിമാനനിമിഷമായി.  ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ മകനാണ് അഖില്‍. അഭിഭാഷകനായ മുത്തച്ഛന്‍ പറവൂര്‍ ബാലകൃഷ്ണന്റേയും ജഡ്ജായ പിതാവിന്റേയും പാതയില്‍ ഇനി ഈ യുവ അഭിഭാഷകനുമുണ്ടാവും.  ജ. പി ബി സുരേഷ്‌കുമാറില്‍ നിന്ന് ഇന്നലെ അഖില്‍ ഉള്‍പ്പെടെ 123 പേരാണ് സനദ് സ്വീകരിച്ചത്.   അഖില്‍ നിയമ പഠനത്തിനായി ബംഗളൂരുവിലേക്ക് വണ്ടി കയറുമ്പോള്‍ അച്ഛന്‍ തിരക്കുള്ള അഭിഭാഷകനായിരുന്നു. അച്ഛനൊപ്പം സഹായിയായി കൂടി പതുക്കെ രംഗത്ത് ചുവടുറപ്പിക്കാമെന്നായിരുന്നു അഖിലിന്റെ കണക്കുക്കൂട്ടല്‍.  എന്നാല്‍, പഠനം പൂര്‍ത്തിയാക്കുമ്പോഴേക്കും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് അച്ഛന്‍ ഹൈക്കോടതി ജഡ്ജിയായി. ഇനി സ്വന്തം നിലയില്‍ ഉയര്‍ന്നുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങണം. ലിറ്റിഗേഷന്‍ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും അഖില്‍ പറഞ്ഞു. എളമക്കര ഭവന്‍സില്‍ നിന്നും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലോയിലായിരുന്നു പഠനം. അഞ്ച് വര്‍ഷത്തെ ബിബിഎ എല്‍എല്‍ബി പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് എന്റോള്‍മെന്റ്.  കലൂര്‍ ആസാദ് റോഡിലാണ് അഖിലും കുടുംബവും താമസിക്കുന്നത്. അമ്മ മഞ്ജുഷ. സഹോദരി അന്‍വിത എംബിബിഎസ് വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it