അപായപ്പെടുത്തുമെന്നു ഭീഷണി; കനയ്യയുടെയും ഉമറിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: അപായപ്പെടുത്തുമെന്ന ഭീഷണിസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിനും സഹപാഠി ഉമര്‍ ഖാലിദിനുമുള്ള സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞദിവസം ഡല്‍ഹി മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബാഗ് പരിശോധിച്ചപ്പോള്‍ ഭീഷണിക്കത്തും തോക്കും ലഭിച്ചിരുന്നു. ഡല്‍ഹി കശ്മീരി ഗേറ്റില്‍ നിന്ന് ജെഎന്‍യു കാംപസിലേക്കുള്ള ബസ്സിലാണ് ബാഗ് കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് ഡല്‍ഹി പോലിസാണ് രണ്ടുപേരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യദ്രോഹ സ്വഭാവമുള്ള കനയ്യയുടെയും ഉമര്‍ ഖാലിദിന്റെയും തല വെട്ടണമെന്നായിരുന്നു കത്തിലെ സന്ദേശം.
കത്തിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ക്കായി ബസ്സില്‍ നിന്നു പിടിച്ചെടുത്ത വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അനില്‍ ജാനി എന്നപേരില്‍ കത്തില്‍ ഒപ്പും ഉണ്ട്. കനയ്യക്കെതിരേ നേരത്തെ വധഭീഷണി ഉയര്‍ത്തിയ ആളാണ് അനില്‍. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് ചോദ്യംചെയ്തു. ആയുധനിയമപ്രകാരം തിലക് മാര്‍ഗ് പോലിസ് കേസെടുത്തിട്ടുണ്ട്. കാംപസിനുള്ളില്‍ കനയ്യക്കു സുരക്ഷയില്ലെങ്കിലും പുറത്തിറങ്ങുമ്പോള്‍ മതിയായ സുരക്ഷ നല്‍കണമെന്ന് ജെഎന്‍യു അധികൃതര്‍ വസന്ത്കുഞ്ജ്(വടക്ക്) പോലിസ് സ്റ്റേഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ കനയ്യ പുറത്തുപോവുമ്പോഴും കാംപസിനു ചുറ്റും പ്രത്യേക സുരക്ഷയുണ്ടാവും. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വച്ച് കനയ്യകുമാറിനു നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. കനയ്യ സഞ്ചരിച്ച കാറിനു നേരെ കല്ലെറിഞ്ഞ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അദ്ദേഹം പങ്കെടുത്ത അനുസ്മരണ പരിപാടി അലങ്കോലമാക്കാനും ശ്രമിച്ചിരുന്നു.
Next Story

RELATED STORIES

Share it