Azhchavattam

അപഹരിക്കപ്പെടുന്ന ദൈവങ്ങള്‍

അപഹരിക്കപ്പെടുന്ന ദൈവങ്ങള്‍
X













കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കന്നട സാഹിത്യ-നാടകരംഗത്തെ സജീവസാന്നിധ്യമായ യോഗേഷ് മാസ്റ്ററുടെ ജീവിതം വധഭീഷണിയുടെ നിഴലിലാണ്. ഒരു നാടോടിക്കഥയെ പശ്ചാത്തലമാക്കി മാസ്റ്റര്‍ രചിച്ച നോവലില്‍ ഗണപതിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കഴിഞ്ഞ  ദിവസം കേരളം സന്ദര്‍ശിച്ച മാസ്റ്റര്‍ വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച്  സംസാരിക്കുകയാണ്






nadakam 5

കെ പി ഒ റഹ്മത്തുല്ല

'മരിക്കാന്‍ എനിക്കു പേടിയില്ല. എത്രയോ നാടകങ്ങളില്‍ മരണം അഭിനയിച്ചിട്ടുണ്ട്. നിരവധി വേദികളില്‍ മരിച്ചുവീണിട്ടുമുണ്ട്. യഥാര്‍ഥ മരണത്തെയും നിരവധി തവണ മുഖാമുഖം കണ്ടു.' വധശ്രമങ്ങളെക്കുറിച്ചു പറയുമ്പോള്‍ 46കാരനായ യോഗേഷ് ഉറക്കെ ചിരിക്കും. ചിരിച്ചുകൊണ്ടുതന്നെ സംസാരിക്കും.
കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി കന്നട സാഹിത്യരംഗത്തും നാടകരംഗത്തും നിറഞ്ഞുനില്‍ക്കുന്ന സാംസ്‌കാരികപ്രവര്‍ത്തകന്‍. കഴിഞ്ഞയാഴ്ച അദ്ദേഹം കേരളത്തിലെത്തിയിരുന്നു-എന്‍സിഎച്ച്ആര്‍ഒയുടെ മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ കേരളസന്ദര്‍ശനം. തോക്കേന്തിയ രണ്ടു പോലിസുകാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നല്ല നടന്‍ കൂടിയായ അദ്ദേഹത്തിന് സദസ്സിനെ കൈയിലെടുക്കാന്‍ അധികസമയം വേണ്ടിവന്നില്ല. മൂര്‍ച്ചയുള്ള ആ             വാക്കുകള്‍ ഹൃദയത്തിലേക്കാണ് തുളഞ്ഞുകയറിയത്.

നോവലിനെച്ചൊല്ലി ഒരു അറസ്റ്റ്
2013 ആഗസ്ത് 22ന് പുറത്തിറങ്ങിയ യോഗേഷ് മാസ്റ്ററുടെ ദുണ്ഡി എന്ന നാടോടിക്കഥ പശ്ചാത്തലമാക്കിയുള്ള നോവലില്‍ ഗണപതിയെ മോശമാക്കി ചിത്രീകരിച്ചെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ രംഗത്തുവന്നു. കര്‍ണാടക ഹിന്ദു മഹാ സഭ പ്രസിഡന്റ് പ്രണവാനന്ദ തീര്‍ത്ഥ നോവലിനെതിരേ ബംഗളുരു കോടതിയില്‍ കേസ് കൊടുത്തു. അതോടെ നോവല്‍ വിവാദത്തിലായി. ചാനലുകളിലും പത്രങ്ങളിലും വാര്‍ത്തകള്‍ നിറഞ്ഞു. സര്‍ക്കാരിന്റെയോ ആഭ്യന്തരമന്ത്രാലയത്തിന്റെയോ സമ്മതമില്ലാതെ ബംഗളുരു പോലിസ് കമ്മീഷണര്‍, യോഗേഷിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ പിന്തുണച്ച് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് രംഗത്തുവന്നു. ആര്‍എസ്എസും ശ്രീരാമസേനയും വിഎച്ച്പിയും ബജ്‌റംഗ്ദളും അറസ്റ്റിന്റെ പേരില്‍ ബംഗളുരുവില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് കീഴടങ്ങുന്നതിനെതിരേ എഴുത്തുകാര്‍ അനന്തമൂര്‍ത്തിയുടെ          നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും ആഭ്യന്തരമന്ത്രി ജോര്‍ജും പ്രതിരോധത്തിലായി. 27,000 പേരാണ് യോഗേഷ് മാസ്റ്റര്‍ക്കു വേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കാളികളായത്. ഗത്യന്തരമില്ലാതെ മാസ്റ്ററെ പോലിസിന് വിട്ടയക്കേണ്ടി വന്നു. അറസ്റ്റിന്റെ പേരില്‍ പോലിസിന് ഏറെ പഴിയും കേള്‍ക്കേണ്ടി വന്നു. 'ആദ്യം എന്നെ തുറുങ്കിലടയ്ക്കൂ, ഞാനാണ് പുരാണകഥാപാത്രങ്ങളെ ഏറെ അപമാനിച്ചവന്‍, എന്നിട്ടാവാം യോഗേഷിനെ ജയിലിലാക്കുന്നത്.' അനന്തമൂര്‍ത്തി പ്രതികരിച്ചതിങ്ങനെയായിരുന്നു. അറസ്റ്റോടെ യോഗേഷ് കര്‍ണാടകയിലെ വിവാദപുരുഷനായി മാറി. നോവലിനെതിരേയുള്ള കേസുകള്‍ കോടതിയിലെത്തിയെങ്കിലും ഒടുവില്‍ അത് തള്ളിപ്പോവുകയായിരുന്നു.  കോടതി തള്ളിയെങ്കിലും വെറുതെ വിടാന്‍ ഫാഷിസ്റ്റുകള്‍ ഒരുക്കമായിരുന്നില്ല. ആറു തവണയാണ് കൊലയാളികള്‍ അദ്ദേഹത്തെ തേടിച്ചെന്നത്.

ആറു തവണയും ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടു: '2013 ആഗസ്ത് 30നായിരുന്നു ആദ്യ വധശ്രമം. പുസ്തകപ്രകാശനവും അതിനെച്ചൊല്ലിയുള്ള അറസ്റ്റും കഴിഞ്ഞ് അധിക ദിവസം കഴിഞ്ഞിട്ടില്ല. മൂന്ന് ബൈക്കുകളിലായി ആറു പേര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന എന്റടുത്തെത്തി. സംസാരിച്ചുകൊണ്ട് ഞാനുമായി സൗഹൃദനാട്യത്തിലായിരുന്നു അവര്‍. എല്ലാവര്‍ക്കും 20- 22 വയസ്സ് പ്രായം. പെട്ടെന്ന് പോലിസ് പട്രോളിങ് പാര്‍ട്ടി റോഡിലൂടെ കടന്നുവന്നു. അവരെ കണ്ടതോടെ ബൈക്കിലുണ്ടായിരുന്നവരെല്ലാം വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പോലിസ് പിടികൂടിയത്. എകെ 47 തോക്കുമായി എന്നെക്കൊല്ലാന്‍ വന്നവരായിരുന്നു അവരെന്ന് പോലിസ് പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പോലിസ് വന്നില്ലായിരുന്നെങ്കില്‍ ഞാനിന്ന് ഉണ്ടാവുമായിരുന്നില്ല.'
ഒരാഴ്ച കഴിഞ്ഞ് വീണ്ടും അത്തരമൊരു സംഭവമുണ്ടായി. അന്ന് രണ്ടു യുവാക്കളാണ് വീട്ടിലേക്കു വന്നത്. വാതില്‍ തുറന്ന യോഗേഷ് മാസ്റ്ററുടെ ഭാര്യയോട് ഒരു പുസ്തകം കൊടുക്കാനാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ ഭാര്യ അടുത്ത വീട്ടുകാരെ വിളിച്ചു. കാര്യം നടക്കില്ലെന്നു വിചാരിച്ചാവാം അക്രമികള്‍ അധികം നില്‍ക്കാതെ ഓടിപ്പോവുകയായിരുന്നു.

അവരുടെ മോട്ടോര്‍ ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍നിന്ന് കുപ്രസിദ്ധരായ ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നു പോലിസ് തിരിച്ചറിഞ്ഞു. ഒരു തണുപ്പുകാലത്ത് കമ്പിളിപ്പുതപ്പു വില്‍ക്കാനെത്തിയവരെന്ന വ്യാജേന വന്ന നാലംഗ സംഘത്തെയും നേരിടാനായത് ഭാഗ്യം കൊണ്ടാണെന്ന് യോഗേഷ് ഉറച്ചുവിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് അന്ന് അക്രമികളെ പിടികൂടി പോലിസിലേല്‍പിച്ചത്. ഇവരില്‍നിന്ന് ആയുധങ്ങളടക്കം പിടികൂടുകയുണ്ടായി.
മറ്റൊരിക്കല്‍ ബംഗളൂരു സര്‍വകലാശാലയില്‍ നാടകചര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ആക്രമണം. തോക്കു ചൂണ്ടിയെത്തിയ രണ്ടു പേരെ വിദ്യാര്‍ഥികളാണ് തുരത്തി ഓടിച്ചത്. ചാനല്‍          ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോള്‍ യോഗേഷാണെന്ന് തെറ്റിദ്ധരിച്ച് സന്തോഷ് ഗുരുജി സ്വാമിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചതാണ് മറ്റൊരു സംഭവം.
അവസാനത്തേത് മൂന്നു മാസം മുമ്പാണ് നടന്നത്. ഒരു പൊതുപരിപാടിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഏതാനും പേരെ യോഗേഷിന്റെ ഗണ്‍മേന്മാര്‍ കീഴടക്കി. അവരും നഗരത്തിലെ അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായിരുന്നു.

ഹൈജാക്ക് ചെയ്യപ്പെടുന്ന ദൈവങ്ങള്‍
കൊല്ലാന്‍ വന്നവരില്‍ ഒരാള്‍ പോലും തന്റെ നോവല്‍ വായിച്ചവരാവാന്‍ സാധ്യതയില്ലെന്ന് യോഗേഷ് മാസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നു: 'നോവല്‍ വായിക്കുക പോയിട്ട് വ്യക്തിപരമായ പരിചയക്കാര്‍ പോലുമല്ല. ആരോ കരാര്‍ നല്‍കിയതാണെന്ന് വ്യക്തം. 'ദുണ്ഡി'യില്‍ ഞാന്‍ ഗണപതിയെ അപമാനിച്ചിട്ടില്ല. സവര്‍ണര്‍ ദൈവവും ആര്യനുമാക്കിയ ഗണപതിയെ ആദിവാസികളുടെ ഹീറോ ആക്കി ചിത്രീകരിക്കുകയാണുണ്ടായത്. ബ്രാഹ്മണര്‍            പുരാണ കഥാപാത്രങ്ങളെയെല്ലാം ഹൈജാക്ക് ചെയ്യുകയാണ്. അതിനെ പ്രതിരോധിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.' മാസ്റ്റര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നു.
പുരാണങ്ങളെ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരേ ഇന്ത്യയുടെ ഐടി ആസ്ഥാനത്ത് നിന്നു യു ആര്‍ അനന്തമൂര്‍ത്തിയും കല്‍ബുര്‍ഗിയും ഗിരീഷ് കര്‍ണാടും യോഗേഷ് മാസ്റ്ററും ഒരുമിച്ച് എഴുത്തുകാരുടെ പ്രതിഷേധപ്രസ്ഥാനം തുടങ്ങി. ഹോമങ്ങളിലൂടെയും പ്രത്യേക പൂജകളിലൂടെയും അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശാസ്ത്രരംഗത്തെ ചിലര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെയായിരുന്നു ഈ ഒത്തുചേരല്‍.

അതോടെ സംവാദത്തിലോ ചര്‍ച്ചകളിലോ വിശ്വസിക്കാത്ത ഒരു കൂട്ടം ഹിന്ദുത്വരുടെ നോട്ടപ്പുള്ളിയായി ഇവരെല്ലാം മാറി. കല്‍ബുര്‍ഗി വെടിയേറ്റുമരിച്ചതോടെ അടുത്ത ഇര യോഗേഷ് മാസ്റ്ററാണെന്ന് എല്ലാവരും കരുതുന്നു. ഈ സാഹചര്യത്തിലാണ് ബംഗളുരു പോലിസ് മാസ്റ്റര്‍ക്ക് സദാസമയവും സുരക്ഷയൊരുക്കിയിരിക്കുന്നത്. 'പെന്‍- ഗണ്‍' സൗഹൃദമെന്നാണ് അദ്ദേഹം അതിനെ പരിഹസിക്കുന്നത്. പോലിസുകാരുടെ ജോലി കുറയ്ക്കുന്നവരാണ് എഴുത്തുകാര്‍. എന്നാലിപ്പോള്‍ എഴുത്തുകാരെ സംരക്ഷിക്കേണ്ട ജോലി കൂടി പോലിസുകാര്‍ ഏറ്റെടുക്കേണ്ടി വരുന്നു. വരും നാളുകളില്‍ ഇത് ഇനിയും വര്‍ധിക്കുമെന്ന് മാസ്റ്റര്‍ പറയുന്നു.
ഹിന്ദു ഫാഷിസ്റ്റുകള്‍ക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്ന് യോഗേഷ് മാസ്റ്റര്‍ തെളിവു നിരത്തി സമര്‍ഥിക്കും: 'അവര്‍ രാഷ്ട്രീയനേട്ടത്തിന് മാത്രം മതത്തിന്റെ ലേബല്‍ ഉപയോഗിക്കുകയാണ്. ഞാന്‍ ഹിന്ദുമതത്തിന് എതിരല്ല. മഹത്തായ ഹിന്ദുസംസ്‌കാരത്തിന്റെ മഹിതമായ ആശയങ്ങള്‍ പ്രചരിപ്പിക്കണമെന്ന പക്ഷക്കാരനാണ്. എന്നാല്‍, ഹിന്ദുത്വര്‍ ഫാഷിസമാണ് പ്രചരിപ്പിക്കുന്നത്. യഥാര്‍ഥ ഹിന്ദുവിന് ഫാഷിസ്റ്റാവാന്‍ ആകില്ല. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഇവിടെ മതപുരോഹിതരും ധനികവര്‍ഗവും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്. ഇഷ്ടമില്ലാത്തത് പറയുന്നവരെ കൊന്നൊടുക്കിയാല്‍ എതിര്‍പ്പുകള്‍ കെട്ടടങ്ങുമെന്നാണ് ഫാഷിസ്റ്റുകള്‍ വിചാരിക്കുന്നത്. ഒരു കല്‍ബുര്‍ഗിയോ യോഗേഷൊ കൊല്ലപ്പെട്ടാല്‍ അത്തരത്തിലുള്ള നൂറു പേര്‍ ജനിക്കുമെന്ന ചരിത്രസത്യമാണ് ഇവര്‍ മറക്കുന്നത്.'



nadakam 4



ഇതിനകം യോഗേഷ് മാസ്റ്ററുടെ 230 നാടകങ്ങളും 160 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കവിത എഴുതിക്കൊണ്ടായിരുന്നു തുടക്കം. 1984ല്‍ ദഗ്മിര്‍ ഉദയ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചു. സ്‌കൂള്‍ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആറു വര്‍ഷത്തിനു ശേഷം മുഴുസമയ എഴുത്തുകാരനാവുന്നതിനു വേണ്ടി ജോലി രാജി വച്ചു. നാടോടിക്കഥകള്‍ പ്രമേയമാക്കി നാട്ടുകാരെ സത്യത്തിന്റെ വഴിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നാടകങ്ങളാണ് പ്രധാനമായും എഴുതി അവതരിപ്പിച്ചിട്ടുള്ളത്. ബംഗളുരു ആസ്ഥാനമായി സ്വന്തമായി നാടക ഗ്രൂപ്പും ഉണ്ട്. മിക്ക നാടകങ്ങളിലും അഭിനയിക്കാറുമുണ്ട്. അവസരസമത്വവും തുല്യനീതിയും സ്വപ്‌നം കാണുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക സൃഷ്ടികളും.
പ്രതിസന്ധികള്‍ക്കിടയിലും ധീരനായി സ്വന്തം അഭിപ്രായം തുറന്നുപറയുന്നു. ശുഭാപ്തിവിശ്വാസിയാണ് ഈ കലാകാരന്‍: 'ഇന്ത്യയെ തകര്‍ക്കാനുള്ള ഫാഷിസ്റ്റ്‌നീക്കം പരാജയപ്പെടുക തന്നെ ചെയ്യും. ആരെതിര്‍ത്താലും ഞാന്‍ മനസ്സിലാക്കിയ സത്യങ്ങള്‍ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കും. എഴുത്തുകാരന്, നാടക കലാകാരന് സമൂഹത്തോട് എന്നും സത്യമേ പറയാനാവൂ. എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവനാണ് കലാകാരന്‍. ഫാഷിസം ഭരണത്തിന്റെ തണലില്‍ വാതിലില്‍ മുട്ടുമ്പോള്‍ ഏതു സാഹിത്യകാരനാണ് മിണ്ടാതിരിക്കാനാവുക?'- അദ്ദേഹം ചോദിക്കുന്നു.

Next Story

RELATED STORIES

Share it