Kottayam Local

അപവാദ പ്രചാരണം; ദലിത് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ആര്‍പ്പൂക്കര: അപവാദ പ്രചരണത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ബിഎ രണ്ടാം വര്‍ഷം മോഹിനിയാട്ടം വിദ്യാര്‍ഥിനിയും എബിവിപി പ്രവര്‍ത്തകയുമായ വിദ്യാര്‍ഥിനിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതിന് ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. തുടര്‍ന്ന് തൃപ്പൂണിത്തുറയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ ഇന്നലെ വൈകീട്ട് ഏഴോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് കോളജിലെ എംഎ ഒന്നാം വര്‍ഷ ഭരതനാട്യം വിദ്യാര്‍ഥിനി പറയുന്നതിങ്ങനെ: വിദ്യാര്‍ഥിനി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും അനുഭാവിയുമായിരുന്നു. എന്നാല്‍ ഈ അധ്യയന വര്‍ഷം മുതല്‍ എബിവിപി പ്രവര്‍ത്തകയായി. ഇതില്‍ ക്ഷുഭിതരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഈ വിദ്യാര്‍ഥിനികളെ തിരികെ എസ്എഫ്‌ഐയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോള്‍ ഇവരോട് മോശമായി സംസാരിക്കാന്‍ തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ ഒരു എസ്എഫ്‌ഐ നേതാവിനെതിരേ കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കി. തുടര്‍ന്ന് എസ്എഫ്‌ഐ നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിക്കാന്‍ ശ്രമം നടത്തി. ഇതിനിടെ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെയും ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനിയെയും ചേര്‍ത്ത് ആദ്യം ലേഡീസ് ഹോസ്റ്റലിലും പിന്നീട് ക്ലാസ് മുറിയിലും മോശമായ ഭാഷയില്‍ എഴുത്തുകള്‍ പ്രത്യക്ഷപ്പെടുകയും പോസ്റ്റര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ല ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളും എസ്എഫ്‌ഐ-എബിവിപി നേതൃത്വവും ജനറല്‍ ബോഡിയോഗം കൂടുകയും ഈ യോഗത്തില്‍ അപവാദ പ്രചാരണം നടത്തിയവരെ കണ്ടെത്താന്‍ കോളജ് അധികൃതരുടെ സഹായം തേടുകയും ചെയ്തു.
എന്നാല്‍ അസംബ്ലി നടന്നുകൊണ്ടിരിക്കെ പരസ്യമായി ഈ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണം കോളജ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും അവിടെ നിന്നും അപമാനമാണ് ഉണ്ടായതെന്നും പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലില്‍ എത്തിയ വിദ്യാര്‍ഥിനിയെ നിരാശയായി കാണുകയും. അടുത്തദിവസം അമിതമായി ഗുളിക കഴിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ വിദ്യാര്‍ഥിനിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it