Middlepiece

അപരാധികള്‍ നിര്‍മിക്കപ്പെടുന്ന കാലം

ദ്രോഹം ചെയ്യാത്ത രാജ്യദ്രോഹികള്‍-1

കെ എ മുഹമ്മദ് ഷമീര്‍

ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല അധ്യാപക അസോസിയേഷന്‍ തീവ്രവാദക്കേസുകളില്‍ ജയിലുകളില്‍ കിടക്കുന്ന മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച് നടത്തിയ പഠനത്തില്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നതിലും മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കിമാറ്റുന്നതിലും പോലിസും രഹസ്യാന്വേഷണസംഘങ്ങളും വഹിക്കുന്ന പങ്കിനെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. പലരും ഐബിയും ഡല്‍ഹിയിലെ സ്‌പെഷ്യല്‍ സെല്‍ പോലുള്ള കുപ്രസിദ്ധ സംഘങ്ങളും വിരിക്കുന്ന കെണിയില്‍പ്പെട്ട് തങ്ങളുടെ യൗവനം ജയിലുകളില്‍ ഹോമിക്കേണ്ടി വന്നവരാണ്.
ബ്യൂറോക്രസിയിലും പോലിസിലും ഭരണത്തിലും ഹിന്ദുത്വര്‍ക്ക് വ്യക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിരുന്ന തീവ്രവാദികളെ സൃഷ്ടിക്കല്‍ നാടകങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിച്ചത് 'സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ച കുറച്ച് മുസ്‌ലിം ചെറുപ്പക്കാരുടെ ജീവിതം നരകതുല്യമാക്കിക്കൊണ്ടായിരുന്നു.
കേരള പോലിസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുടെ സഹായത്തോടെ അപസര്‍പ്പക കഥകളെ വെല്ലുന്ന രീതിയില്‍ നടത്തിയ തീവ്രവാദികളെ സൃഷ്ടിക്കല്‍ നാടകത്തിന്റെ ആദ്യ പരീക്ഷണമായിരുന്നു 2006 ആഗസ്ത് 15ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള പാനായിക്കുളത്ത് നടന്ന 'സിമി രഹസ്യ ക്യാംപ്.' മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍നിന്ന് ഏറ്റെടുക്കുന്ന ആദ്യ തീവ്രവാദക്കേസും സംസ്ഥാനത്തെ യുഎപിഎ ചുമത്തപ്പെട്ട ആദ്യ കേസുമാണിത്.
പാനായിക്കുളം ടൗണിലേക്കുള്ള പ്രധാന റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ രഹസ്യ യോഗം നടന്നെന്നു പറഞ്ഞാല്‍ ഓഡിറ്റോറിയം കണ്ടിട്ടുള്ളവര്‍ തലയില്‍ കൈവച്ചുപോവും. 'രഹസ്യ സ്വഭാവമുള്ള' കെട്ടിടത്തില്‍ നോട്ടീസ് അടിച്ച്, ബാനര്‍ കെട്ടി പരസ്യമായി സംഘടിപ്പിച്ച ഒരു പരിപാടിയെ രഹസ്യ യോഗമെന്നു വിളിക്കാതിരിക്കാനുള്ള കേവല മാന്യത അന്നും ഇന്നും മേല്‍ക്കോയ്മ മാധ്യമങ്ങള്‍ കാണിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ ഒരു പൊതുപരിപാടിയെ എങ്ങനെ രഹസ്യ യോഗം എന്നു വിളിക്കുമെന്നു ചിന്തിക്കാനുള്ള സാമാന്യബോധം ഇല്ലാത്തതുകൊണ്ടായിരിക്കില്ല ഇത്. മാധ്യമപ്രവര്‍ത്തകരില്‍ നിലനില്‍ക്കുന്ന പരോക്ഷമായ പക്ഷപാതിത്വമാണ് ഇതിനു കാരണം. ഭീകരവാദം, തീവ്രവാദം, മുസ്‌ലിം എന്നീ പദങ്ങള്‍ കൂട്ടിയിണക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പല മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറെ നിര്‍വൃതി നല്‍കുന്നതാണ്.
അങ്ങനെ ലഭിക്കുന്ന അവസരങ്ങള്‍ അവര്‍ ഏറെ താല്‍പര്യത്തോടെ ആഘോഷിക്കുന്നു. ഇവിടെ പാനായിക്കുളം കേസിലും കിട്ടിയ അവസരം വേണ്ടരീതിയില്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ലെന്ന് ഇടയ്ക്കിടയ്ക്ക് ഉരുവിട്ടുകൊണ്ട് ഒരുവശത്ത് മുസ്‌ലിം സംഘടനാ പ്രതിനിധികളെ മനപ്പൂര്‍വം ഒഴിവാക്കി സെക്കുലര്‍ മുസ്‌ലിം മുഖമുള്ള സെലിബ്രിറ്റികളെ ചര്‍ച്ചയ്ക്കു വിളിക്കുന്നു. അതേസമയം തന്നെ മുഴുവന്‍ സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നു. അതേറ്റുപാടുന്ന പ്രച്ഛന്ന മതേതര സാംസ്‌കാരികനായകര്‍ മുസ്‌ലിമിന്റെ കൂടെ മാത്രം തീവ്രവാദി പദം ചേര്‍ത്ത് ചര്‍ച്ചയ്ക്ക് എരിവും പുളിയും നുണയും നല്‍കുന്നു. പക്ഷേ, ക്രിസ്ത്യന്‍, ഹിന്ദു സമുദായാംഗങ്ങളുടെയോ കമ്മ്യൂണിസ്റ്റുകളുടെയോ നേരെ തീവ്രവാദ ആരോപണമുണ്ടായാല്‍ മതത്തോടും പ്രത്യയശാസ്ത്രങ്ങളോടും തീവ്രവാദ പേര് ചേര്‍ത്തു പറയാന്‍ അവര്‍ക്കു മനസ്സു വരാറില്ല. മാധ്യമധര്‍മം പോട്ടെ, കുറഞ്ഞത് കുറ്റക്കാരനാണെന്നു തെളിയുന്നതുവരെയെങ്കിലും പ്രതിക്ക് നല്‍കേണ്ട പരിഗണനപോലുമില്ലാതെ പോലിസ് ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങാറാണു പതിവ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈദരാബാദുകാരനായ യുവാവിനെ തീവ്രവാദക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ ജയിലിലടച്ച ശേഷം കുറ്റക്കാരനല്ലെന്നു കണ്ട് വെറുതവിട്ടപ്പോള്‍ ഒരു പ്രാദേശിക ചാനല്‍ ആ യുവാവിനെ അഭിമുഖത്തിനു വിളിച്ചു. എന്നാല്‍, ആ കൗമാരക്കാരന്റെ നിറമുള്ള സ്വപ്‌നങ്ങള്‍ക്കുമേല്‍ വീണ കരിനിഴലിന്റെ ഭീകരാനുഭവങ്ങള്‍ കണ്ണുനീരില്‍ പൊതിഞ്ഞു വിവരിക്കുമ്പോള്‍ ആങ്കര്‍ തന്റെ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിജയിച്ചതിന്റെ ഒരുതരം സാഡിസ്റ്റ് ചിരിയോടു കൂടി വിവരണം ആസ്വദിച്ചുകൊണ്ടിരുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ അവ സൃഷ്ടിക്കുന്നതിലാണ് താല്‍പര്യമെന്നു വ്യക്തം.
2006ലെ സ്വാതന്ത്ര്യദിനം നിരോധനത്തിനു മുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും മറ്റു ചില മുസ്‌ലിം സംഘടനാ അനുഭാവികളായ ചെറുപ്പക്കാരെയും സംബന്ധിച്ച് ദുരന്തദിനമായിരുന്നു. തങ്ങളുടെ മുന്‍ഗാമികള്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും സമ്പത്തും ആരോഗ്യവും സമയവും നല്‍കി പോരാടിയതിന്റെയും രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകളുടെയും അനുസ്മരണം നടത്താനുള്ള ശ്രമം അങ്ങനെയാണ് രഹസ്യ യോഗമാവുന്നത്. ക്വിറ്റ് ഇന്ത്യ കാലത്ത് ഹിന്ദുക്കള്‍ മുസ്‌ലിംകളെ നേരിടാനുള്ള ഊര്‍ജം ബ്രിട്ടിഷുകാര്‍ക്കെതിരേ ഉപയോഗിച്ച് വൃഥാവിലാക്കരുതെന്നു മനസ്സിലാക്കിയ ഗോള്‍വാള്‍ക്കറുടെയും സ്വാതന്ത്ര്യസമരത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് ബ്രിട്ടിഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിലില്‍നിന്ന് രക്ഷപ്പെട്ട സവര്‍ക്കറുടെയും പിന്‍ഗാമികള്‍ക്ക് അതു വലിയൊരു അവസരമായി. ഡീപ് സ്റ്റേറ്റിന് പ്രവര്‍ത്തനനിരതമാവാന്‍ ഒരു കാരണമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ അനുസ്മരിക്കുന്നതും അടുത്ത തലമുറകള്‍ക്കു കൈമാറുന്നതും ജയിലിലേക്കു പോവാന്‍ മാത്രം കുറ്റമാണെന്ന് പാനായിക്കുളത്തെ വിവരദോഷികള്‍ക്കു മനസ്സിലായില്ല.
പോപുലര്‍ ഫ്രണ്ട് എല്ലാ ആഗസ്ത് 15നും യുവാക്കളെ അണിനിരത്തി സ്വാതന്ത്ര്യത്തിന്റെ അഭിമാനബോധം സമൂഹത്തില്‍ വളര്‍ത്താന്‍ സ്വാതന്ത്ര്യദിന പരേഡ് സംഘടിപ്പിച്ചപ്പോള്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായം ചോദിക്കട്ടെ എന്നും വര്‍ഗീയതയുണ്ടാവും  എന്നുമൊക്കെയുള്ള ബാലിശ വാദങ്ങള്‍ നിരത്തി നിരോധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഒരേ സംഘമാണ്.
പാനായിക്കുളത്ത് 2006 ആഗസ്ത് 15നു യോഗം തുടങ്ങി, കേസില്‍ മൂന്നാംപ്രതിയാക്കിയ അന്‍സാര്‍ നദ്‌വിയുടെ ഖുര്‍ആന്‍ ക്ലാസിനു ശേഷം, കേസിലെ രണ്ടാംപ്രതിയായ ഈരാറ്റുപേട്ട അബ്ദുല്‍റാസിഖ് ക്ലാസ് തുടങ്ങവെ കയറിവന്ന പോലിസ് സംഘം റാസിഖ് സംസാരിക്കാന്‍ തയ്യാറാക്കിയ കുറിപ്പ് പരിശോധിക്കുകയും ഇതില്‍ പ്രശ്‌നമൊന്നുമില്ലല്ലോ എന്നു പറഞ്ഞു തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍, പിറകെ വന്ന പോലിസ് സംഘം പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും നാലാം പ്രതിയായ നിസാമുദ്ദീന്റെ പിതാവിന്റെ സുഹൃത്തുകൂടിയായ എഎസ്‌ഐ ആന്റണി എല്ലാവരോടും സ്‌റ്റേഷനിലേക്കു വരണമെന്ന് ആവശ്യപ്പെടുകയും അപ്പോള്‍ തന്നെ തിരിച്ചുപോവാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് അവരെ ബിനാനിപുരം പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചതെന്നോണം ബിജെപി പ്രതിഷേധപ്രകടനവുമായി വന്നു. പിന്നാലെ വന്‍ മാധ്യമപ്പടയും. അതോടെയാണ് നാടകം ട്രാക്കില്‍ കയറിയത്.
തുടര്‍ന്നു നടന്നത് ഭീകരവാദികളെ പിടികൂടിയതിലുള്ള മാധ്യമങ്ങളുടെ ആഘോഷമായിരുന്നു. സിമിയുടെ ഭീകരന്മാരെ പിടിച്ച വാര്‍ത്തയില്‍ ചാനല്‍ചര്‍ച്ചകളും ലേഖനങ്ങളും മുത്തശ്ശിപത്രങ്ങളുടെ ഭീകരരുടെ പദ്ധതിയുടെ പ്ലാന്‍വരയ്ക്കലും ജോറായി നടന്നു. ഐബി ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ത്തകള്‍ അപ്പടി കൊടുക്കുന്നതില്‍ മികച്ചുനില്‍ക്കുന്ന ഒരു പത്രത്തില്‍ വന്ന വാര്‍ത്ത പ്രതികളില്‍നിന്ന് ആലുവ റെയില്‍വേസ്‌റ്റേഷന്റെ വിശദമായ മാപ്പും സ്‌ഫോടകവസ്തുക്കളെപ്പറ്റിയുള്ള കിടിലന്‍ വിവരങ്ങളും ലഭിച്ചു എന്നായിരുന്നു.
പക്ഷേ, കേസിലെ പ്രതിചേര്‍ക്കപ്പെട്ടവരില്‍ 18 പേരില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ 11 പേരെ വെറുതെവിട്ടു എന്നതിനേക്കാള്‍ അഞ്ചു പേരെ കുറ്റക്കാരാക്കാന്‍ കഴിഞ്ഞു എന്നതിലായിരുന്നു എന്‍ഐഎയുടെ ആത്മനിര്‍വൃതി. എന്‍ഐഎ പരാജയപ്പെട്ടു എന്നായിരുന്നു മാതാ അമൃതാനന്ദമയിയുടെ ചാനല്‍ റിപോര്‍ട്ട് ചെയ്തത്. അപ്പീലില്‍ ഒന്നുകൂടി കടുപ്പിച്ച് വാദിക്കൂ എന്ന നിര്‍ദേശമായിരിക്കാമത്.
പാനായിക്കുളത്ത് സെമിനാറിലേക്കു കയറി വന്ന പോലിസുകാര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളായ ഈരാറ്റുപേട്ട പി എ ഷാദുലി, ഈരാറ്റുപേട്ട അബ്ദുല്‍റാസിഖ്, ആലുവ കുഞ്ഞുണ്ണിക്കര അന്‍സാര്‍ നദ്‌വി, പാനായിക്കുളം നിസാമുദ്ദീന്‍, ഈരാറ്റുപേട്ട ഷമ്മി എന്ന ഷംനാസ് ഒഴിച്ച് ബാക്കിയുള്ളവരെ വിട്ടയച്ചു. വേണ്ടത്ര കേസുകളില്ലാതെ ചൊറികുത്തി കഴിഞ്ഞിരുന്ന എന്‍ഐഎ കേസ് ഏറ്റെടുത്തതോടുകൂടി പങ്കെടുത്തവരെ പലരെയും പ്രതികളാക്കുകയായിരുന്നു. എത്ര വിചിത്രമാണ് എന്‍ഐഎയുടെ നടപടികളെന്നതിനു തെളിവാണ് 18 വയസ്സ് തികയാത്ത, കേസിലെ 13ാം പ്രതി സ്വാലിഹിനെതിരേ യുഎപിഎ ചുമത്തിയത്. സംഭവം നടക്കുമ്പോള്‍ 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സ്വാലിഹിന്റെ വിചാരണ പിന്നീട് ജുവനൈല്‍ കോടതിയിലേക്കു മാറ്റുകയായിരുന്നു.




ദ്രോഹം ചെയ്യാത്ത രാജ്യദ്രോഹികള്‍-2

പാനായിക്കുളം കേസില്‍ തെളിവുകളായി പ്രധാനമായും പോലിസും എന്‍ഐഎയുമെല്ലാം കണ്ടെത്തിയത് രണ്ടാം പ്രതി റാസിഖ് ജമാഅത്തെ ഇസ്‌ലാമിയുടെ കോഴിക്കോട്ടെ ആസ്ഥാനമായ ഹിറാ സെന്ററിലെ ലൈബ്രറിയില്‍നിന്നെടുത്ത 'മാസ് റസിസ്റ്റന്‍സ് ഇന്‍ കശ്മീര്‍' എന്ന പുസ്തകമാണ്. ആ പുസ്തകം എടുക്കുമ്പോള്‍ ലൈബ്രറിയുടെ രജിസ്റ്ററില്‍ അബ്ദുല്‍റാസിഖിന്റെ പേരിനു നേരെ ബ്രാക്കറ്റില്‍ ആളെ മനസ്സിലാവാന്‍ സിമി എന്നെഴുതിയിരുന്നു. അതാണു പിന്നീട് അബ്ദുല്‍ റാസിഖ് സിമിയുടെ പ്രവര്‍ത്തകനാണെന്നതിന് വലിയ തെളിവായി പോലിസ് അവതരിപ്പിച്ചത്. അഹമ്മദ്കുട്ടി ശിവപുരം എഴുതിയ അതിരുകളില്ലാത്ത പക്ഷി എന്ന പുസ്തകമാണ് ദേശീയത തകര്‍ക്കുന്ന ഭീകര പുസ്തകമായി എന്‍ഐഎ അവതരിപ്പിച്ചത്. അതിരുകള്‍ എന്നാല്‍ രാജ്യത്തിന്റെ അതിര് എന്നു പ്രോസിക്യൂഷന്‍ തെറ്റിദ്ധരിച്ചുകാണും.
രസകരമായ കാര്യം മേല്‍പ്പറഞ്ഞ രണ്ടു പുസ്തകങ്ങളും കേസ് നടക്കുന്ന സമയത്തോ ഇപ്പോഴോ നിരോധിച്ചിട്ടില്ല എന്നതാണ്. മറ്റൊരു തെളിവ് അവിടെ നിന്നു കിട്ടിയ പഴയ വിവേകം മാസികയുടെ കോപ്പികളാണ്. ഇതല്ലാതെ പ്രതികളില്‍നിന്ന് രാജ്യത്തിനെതിരേ യുദ്ധാഹ്വാനം ചെയ്യുന്നതോ, കലാപത്തിനു കോപ്പുകൂട്ടുന്നതോ ആയ ഒരു തെളിവും ലഭിച്ചിട്ടില്ല.
കേസിനെ ബലപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ പോലിസിന്റെയും എന്‍ഐഎയുടെയും ഭാഗത്തുനിന്ന് കഠിനശ്രമങ്ങളുണ്ടായിട്ടുണ്ട്. അഞ്ചു യുവാക്കളെ കുറ്റക്കാരെന്നു വിധിക്കാന്‍ കാരണമായ ഏറ്റവും പ്രബലമായ തെളിവ് പരിപാടിയില്‍ അതിഥിയായെത്തിയ അന്നത്തെ പാനായിക്കുളം സലഫി മസ്ജിദ് ഇമാം റഷീദ് മൗലവി എന്ന മാപ്പുസാക്ഷിയാണ്. അയാളുടെ സാന്നിധ്യം തന്നെ, നടന്നത് സിമിയുടെ രഹസ്യ യോഗമല്ല എന്നതിനു തെളിവായിരുന്നു. പ്രതിയാവുമെന്നു ഭീഷണിപ്പെടുത്തി ഒരാളെ മാപ്പുസാക്ഷിയാക്കുന്നത് പോലിസിന്റെ സൂത്രമാണ്. എന്‍ഐഎ മാപ്പുസാക്ഷിയെ ഉണ്ടാക്കാന്‍ കേസിലെ മുഴുവന്‍ യുവാക്കളെയും സമീപിച്ചെങ്കിലും റഷീദ് മൗലവി ഒഴികെ ഒരാളും അതിനു തയ്യാറായില്ല. എന്നാല്‍, എന്‍ഐഎ കേസ് ഏറ്റെടുക്കുന്നതുവരെ പ്രതിയായിരുന്ന റഷീദ് മൗലവി പിന്നീട് മാപ്പുസാക്ഷിയായി. യുവാക്കളെ ശിക്ഷിക്കുക എന്നതായിരുന്നു എന്‍ഐഎയുടെ ലക്ഷ്യം.
എന്‍ഐഎ സദസ്സിലുള്ളവരെ കൂടി പ്രതിചേര്‍ത്തത് വേദിയിലുള്ളവരെ പ്രോല്‍സാഹിപ്പിച്ചു എന്ന കുറ്റം ആരോപിച്ചാണ്. വേദിയിലുള്ളവരുടെ സംസാരത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ ഇറങ്ങിപ്പോവണമായിരുന്നുവത്രെ. രാജ്യദ്രോഹപ്രസംഗം കേട്ട വേറൊരു വ്യക്തികൂടിയുണ്ട്. ഒരു കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് ഡ്രൈവര്‍. പ്രസംഗം കേട്ടിട്ട് ഇറങ്ങിപ്പോവാത്തവര്‍ പ്രതിയായപ്പോള്‍ ഈ ഡ്രൈവര്‍ സംഭവത്തിന് സാക്ഷി മാത്രമായി.
അഞ്ചു പേര്‍ കുറ്റക്കാരാണെന്ന വിധി വന്ന ശേഷം മാധ്യമങ്ങളെ കണ്ട പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞത് കാലഘട്ടം ആവശ്യപ്പെടുന്ന വിധിയെന്നാണ്. നിരപരാധികളെ അപരാധികളാക്കുന്ന കാലഘട്ടം എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. മോദിയുഗവും ഹിന്ദുത്വരും ആവശ്യപ്പെടുന്ന വിധി എന്നാവാം അര്‍ഥം.
യുഎപിഎ എന്ന കരിനിയമവും ചില പ്രതികളില്‍ ചുമത്തിയിട്ടുണ്ട്. പൗരന്റെ മൗലികാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുന്ന ഈ കരിനിയമത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും മുസ്‌ലിം ചെറുപ്പക്കാരോ ആദിവാസികളോ ആണെന്നത് യാദൃച്ഛികമല്ല തന്നെ.
മുന്‍ സിമിക്കാരനാവുക എന്നത് എങ്ങനെയാണ് കുറ്റകരമാവുന്നത്? 2001ല്‍ സിമി നിരോധിക്കുമ്പോള്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും നിരോധനത്തെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, 2005ഓടു കൂടി സിമിയുടെ പേരില്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും പടച്ചുതുടങ്ങിയപ്പോള്‍ എല്ലാവരും മെല്ലെ പിന്‍വലിയുകയായിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ പലഭാഗത്തും അവര്‍ക്കെതിരേയെടുത്ത കേസുകളില്‍ ബഹുഭൂരിപക്ഷവും കോടതികള്‍ തിരസ്‌കരിക്കുകയായിരുന്നു. അവര്‍ക്കു നഷ്ടമായത് ജീവിതത്തിലെ ഏറ്റവും സക്രിയമായ അനേകം വര്‍ഷങ്ങളാണ്. ഒമ്പതു വര്‍ഷം നീണ്ട രഹസ്യ വിചാരണയ്ക്കു ശേഷമാണ് 11 പേരെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയക്കുന്നതും അഞ്ചു പേരെ കുറ്റക്കാരാക്കുന്നതും. ഈ ചെറുപ്പക്കാര്‍ സമൂഹത്തില്‍ അനുഭവിച്ച ഒറ്റപ്പെടലിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും ആരാണ് സമാധാനം പറയുക? ഇത്രയും നാള്‍ തീവ്രവാദിമുദ്ര പേറി നടന്ന് തങ്ങളുടെ സൈ്വരജീവിതം തകര്‍ന്നവര്‍ക്ക് ആരാണു പരിഹാരം ചെയ്യുക? തീവ്രവാദികളെ ആഘോഷിച്ച് ജീവിതം നശിപ്പിക്കുന്ന മാധ്യമങ്ങള്‍ തന്നെ ഈ മുന്‍ സിമിക്കാര്‍ക്ക് അവരുടെ ഭാവി എന്താവണമെന്നു പറഞ്ഞുകൊടുക്കണം.
(അവസാനിച്ചു)
Next Story

RELATED STORIES

Share it