thrissur local

അപകട ഭീഷണി; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ടെലിഫോണ്‍ ക്യാബിന്‍ പൊളിച്ചുനീക്കി

മാള: അപകട ഭീഷണി സൃഷ്ടിച്ചിരുന്ന ടെലഫോണ്‍ ക്യാബിന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊളിച്ചു മാറ്റി. കുഴൂര്‍ ഗവ ഹൈസ്‌കൂളിന് സമീപം പതിറ്റാണ്ടുകളായി ദുരിതം സൃഷ്ടിച്ചിരുന്ന കോണ്‍ക്രീറ്റ് ടെലഫോണ്‍ ക്യാബിനാണ് കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയത്.
ടാറിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലെ കുഴൂര്‍ ജങ്ഷനും പാറപ്പുറത്തിനും ഇടയില്‍ കുഴൂര്‍ ഗവ ഹൈസ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നുള്ള ടെലഫോണ്‍ ക്യാബിന്‍ ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമായിരുന്നു. ടെലഫോണ്‍ ക്യാബിന്റെ ഇരുഭാഗത്തും ഒന്നിലേറെ വളവുകളാണ്. കൂടാതെ കയറ്റിറക്കവുമുണ്ട്. റോഡിനാണെങ്കില്‍ വീതി വളരെ കുറവും.
ഇവയെല്ലാം മൂലം വളരെയേറെ ദുരിതമായിരുന്നു യാത്രക്കാരും കാല്‍നടക്കാരും മറ്റും അനുഭവിച്ചിരുന്നത്. കുഴൂര്‍ ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളടക്കം ഇതിലേ കടന്നു പോയിരുന്നത് ഭയപ്പാടോടെയാണ്. അടുത്തിടെ ടെലഫോണ്‍ ക്യാബിന് തൊട്ടെതിര്‍വശത്ത് ജലനിധിക്കായി വാല്‍വ് സ്ഥാപിക്കാന്‍ വലിയ കുഴിയെടുത്തിരുന്നു.
കുഴിയില്‍ നിന്നെടുത്ത മണ്ണ് വലിയ കൂനയായി കിടന്നതോടെ ദുരിതത്തിന്റെ വ്യാപ്തി വര്‍ധിച്ചു. കഷ്ടിച്ച് ഒരു ബസ്സിന് കടന്നുപോകാവുന്ന വീതി മാത്രമേ ഇതുമൂലം ഉണ്ടായിരുന്നുള്ളു. പ്രതിഷേധവും വീണ്ടും ശക്തമായതോടെ ക്യാബിന്‍ പൊളിച്ചു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it