kannur local

അപകടാവസ്ഥയിലായ വാട്ടര്‍ടാങ്കിന് മുകളിലെ കടകള്‍ പൊളിച്ചുനീക്കി

കണ്ണൂര്‍: ഫയര്‍ഫോഴ്‌സിന് വെള്ളം ശേഖരിക്കാന്‍ നിര്‍മിക്കുകയും കഴിഞ്ഞ 20വര്‍ഷത്തിലധികമായി ഉപയോഗശൂന്യവുമായ കൂറ്റന്‍ടാങ്ക് അറ്റകുറ്റപണി നടത്തുന്നു. സ്റ്റേറ്റ് ബാങ്കിന് എതിര്‍വശത്തെ റോഡരികിലെ ഒരുലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുടെ ടാങ്കാണ് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അറ്റകുറ്റപണി നടത്താന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. നിലവില്‍ ടാങ്കിന് മുകളില്‍ പെട്ടിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭയുടെ ലൈസന്‍സോടുകൂടിയാണ് ഈ കടകളെല്ലാം പ്രവര്‍ത്തിക്കുന്നത്.
ഫയര്‍ഫോഴ്‌സിന്റെ ടാങ്കിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് നിലമൊരുക്കി അതിന് മീതേയാണ് പെട്ടിക്കടകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, കോണ്‍ക്രീറ്റ് കാലപ്പഴക്കത്താല്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. നഗരത്തില്‍ തിരക്കേറിയ സ്ഥലമാണ് സ്റ്റേറ്റ് ബാങ്ക് പരിസരം. ആളുകള്‍ ടാങ്കിലേക്ക് വീണ് അപകടത്തില്‍പ്പെടാന്‍ സാധ്യതയേറിയതോടെയാണ് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചത്. ഇതിനായി പെട്ടിക്കട ഉടമകള്‍ക്ക് കട പൊളിച്ചു നീക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ലൈസന്‍സികള്‍ തന്നെയാണ് സ്വമേധയാ പെട്ടിക്കടകള്‍ പൊളിച്ചുനീക്കിയത്. അറ്റകുറ്റപണിക്കു ശേഷം ടാങ്ക് പൂര്‍വമാതൃകയില്‍ ഫയര്‍ഫോഴ്‌സിന് വിട്ടുകൊടുക്കണമോ വേണ്ടയോ എന്നതിനെ കുറിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
നിലവില്‍ കണ്ണൂര്‍ ഫയര്‍ഫോഴ്‌സിന് വെള്ളം ശേഖരിക്കാന്‍ സ്വന്തമായി ടാങ്കുകളൊന്നുമില്ല. മേലെചൊവ്വയിലെ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. സ്‌റ്റേറ്റ് ബാങ്കിന് സമീപത്തെ ടാങ്ക് ഫയര്‍ഫോഴ്‌സിന് വിട്ടുനല്‍കുകയാണെങ്കില്‍ നഗരമധ്യത്തി ല്‍, ഫയര്‍ഫോഴ്‌സ് യൂനിറ്റിന് സമീപത്തായി തന്നെ വെള്ളമെടുക്കാവുന്ന ടാങ്ക് അവര്‍ക്ക് ലഭിക്കും. ഫയര്‍ഫോഴ്‌സിന് നേരത്തെ കണ്ണൂര്‍സിറ്റി, ചെമ്പൂട്ടിബസാര്‍ എന്നിവിടങ്ങളില്‍ വാട്ടര്‍ടാങ്കുണ്ടായിരുന്നുവെങ്കിലും അതൊക്കെ കാലക്രമേണ നശോന്മുഖമാവുകയായിരുന്നു.
Next Story

RELATED STORIES

Share it