Second edit

അപകടമേഖല

മറ്റു ജീവിവര്‍ഗങ്ങളുടെ ആവാസസ്ഥലങ്ങള്‍ കൈയേറുമ്പോഴാണ് അതുവരെ അജ്ഞാതമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. മാരകമായ ഇബോള വൈറസ് തന്നെ ഉദാഹരണം. ഇബോള വൈറസ് ശരീരത്തില്‍ കയറിയാല്‍ രക്ഷപ്പെടുക വളരെ പ്രയാസമാണ്. സിയറലിയോണില്‍ ഇബോള തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പല ഡോക്ടര്‍മാരും രോഗം ബാധിച്ചു മരിക്കുന്നത്. കാടുവെട്ടാന്‍ ചെന്നവരെ വവ്വാലുകള്‍ കടിച്ചതാണ് വൈറസ് മനുഷ്യരിലെത്താന്‍ പ്രധാന കാരണം. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വവ്വാലുകള്‍ പലതരം വൈറസുകള്‍ ശരീരത്തില്‍ സൂക്ഷിക്കുന്നു.
മനുഷ്യരും മറ്റു ജീവികളും ഇടപഴകുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു അമേരിക്കന്‍ ഗവേഷണസ്ഥാപനം വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇതില്‍ മുഴച്ചുനില്‍ക്കുന്നത്. തെക്കുകിഴക്കനേഷ്യ അപകടത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. പ്രത്യേകിച്ചും ദക്ഷിണ ചൈന. പന്നികളും കോഴികളുമായി ചേര്‍ന്നു ജീവിക്കുന്ന കര്‍ഷകര്‍ അവിടെ കൂടുതല്‍ കാണുന്നു. 2002ല്‍ ആ ഭാഗങ്ങളിലാണ് വലിയതോതില്‍ സാര്‍സ് ബാധയുണ്ടായത്. ശ്വസനത്തിനു തടസ്സമുണ്ടാക്കുന്ന ഒരു വൈറസായിരുന്നു വില്ലന്‍. ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിലെ ഡോ. കെയ്റ്റ് ജോണ്‍സും സഹപ്രവര്‍ത്തകരും വൈറസ് ബാധ സംബന്ധിച്ച 450ലധികം പഠനങ്ങള്‍ അപഗ്രഥിച്ച് തയ്യാറാക്കിയ ഭൂപടം ആരോഗ്യപ്രവര്‍ത്തകര്‍ക്കും സഞ്ചാരികള്‍ക്കും മുന്‍കരുതലെടുക്കാന്‍ വളരെ സഹായകമാണ്.
Next Story

RELATED STORIES

Share it