kannur local

അപകടമുനമ്പായി മാക്കൂട്ടം ചുരം മേഖല: നാലു ദിവസത്തിനിടെ പൊലിഞ്ഞത് നാലുജീവന്‍

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം മേഖല അപകടമുനമ്പായി മാറുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ റോഡില്‍ പൊലിഞ്ഞത് നാലു ജീവനുകള്‍. രണ്ട് അപകടങ്ങളിലായി 30ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വടകര സ്വദേശികളായ മൂന്നു യുവാക്കളാണു മരിച്ചത്. ഇക്കഴിഞ്ഞ 22നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പേട്ടയ്ക്കടുത്ത് പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം ഓടിക്കൊണ്ടിരുന്ന വാനിന് മുകളിലേക്ക് ലോറി കയറിയാണ് വടകര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചത്. ബംഗളൂരുവിലേക്ക് വിനോദസഞ്ചാരത്തിന് പോയ വടകര ചെരണ്ടത്തൂരിലെ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളും അവരുടെ സുഹൃത്തുകളുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെയും മരിച്ചവരെയും നാലുമണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വാനിനുള്ളില്‍ നിന്നു പുറത്തെടുത്തത്.
പേട്ടയില്‍ നിന്നു ചരക്കുകയറ്റി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറി പെരുമ്പാടി ചെക്ക് പോസ്റ്റില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ അമതിവേഗതയില്‍ വരികയായിരുന്നു. ചേക്ക് പോസ്റ്റ് കഴിഞ്ഞ് 100 മീറ്റര്‍ എത്തുമ്പോഴെക്കും ലോറി നിയന്ത്രണം വിട്ടു. പെരുമ്പാടി വളവില്‍ നിര്‍ത്തിയിട്ട രണ്ട് നാഷനര്‍ പെര്‍മ്മിറ്റ് ലോറിയില്‍ ഇടിച്ചശേഷം വാനിലിടിച്ച് വാനിന് മുകളിലേക്ക് മറിയുകയായിരുന്നു.
ചെക്ക് പോസ്റ്റ് വെട്ടിച്ചുള്ള അമിതവേഗതയാണ് അപകടത്തിനു കാരണം. ഒന്നരമണിക്കൂര്‍ കഴിഞ്ഞ് വീരാജ്‌പേട്ടയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് വാഹനത്തില്‍ ആവശ്യമായ ഉപകരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്രെയില്‍ കൊണ്ടുവന്ന് ലോറി ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ക്രെയിനിന്റെ വടം പൊട്ടി ലോറി വീണ്ടും വാനിനുമുകളിലേക്ക് പതിച്ചത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ഇരിട്ടിയില്‍ നിന്നു രാവിലെ ഏഴരയോടെയാണ് അഗ്നിശമനസേനയെത്തിയത്. അമിതവേഗതയാണ് ഇവിടെ അപകടം വിതച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് രാത്രി 8 ഓടെയാണ് കൂട്ടുപുഴ-വീരാജ്‌പേട്ട ചുരം റോഡില്‍ മാക്കൂട്ടം കാക്കത്തോട് അപകടത്തില്‍ ഒരാള്‍ മരിച്ചത്. വള്ളിത്തോട് നിന്നു മൈസൂരില്‍ പോയി മടങ്ങുകയായിരുന്ന 17അംഗ സംഘമടങ്ങിയ ട്രാവലറും കാറും കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളവുകള്‍ നിറഞ്ഞ ചുരം റോഡില്‍ അമിതവേഗതയാണു പലപ്പോഴും ജീവനെടുക്കുന്നത്. മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിനുണ്ടാവുന്ന തടസ്സങ്ങളും അപകടങ്ങളുടെ വ്യാപ്തി വര്‍ധിക്കാനിടയാക്കുന്നു.
Next Story

RELATED STORIES

Share it