Alappuzha local

അപകടമരണങ്ങള്‍ തുടര്‍ക്കഥ; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

മണ്ണഞ്ചേരി: അശാസ്ത്രീയ റോഡ് നിര്‍മാണം ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കൂടിപൊലിയാനിടയാക്കി.
അധ്യാപികയായ മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പൂന്തോപ്പ് സെന്റ്‌മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. പാതിരപ്പള്ളി ശ്രീലകത്തില്‍ ജയശങ്കര്‍- അമ്പിളി ദമ്പതികളുടെ ഏക മകള്‍ ഗൗരിശങ്കര്‍(7)ആണ് മാതാവിന്റെ കണ്‍മുമ്പില്‍ ദാരുണാന്ത്യത്തിനിരയായത്.
ദേശീയ പാതയില്‍ തുമ്പോളി ജങ്ഷന് വടക്ക് പൂങ്കാവ് നാരങ്ങാപ്പള്ളിക്ക് സമീപം ഇന്നലെ രാവിലെ 8.30 ഓടെ അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ പിന്നാലെ ഹോളോബ്രിക്‌സ് കയറ്റി വന്ന ലോറി കയറിയിറങ്ങുകയുമായിരുന്നു.
ദേശീയപാതയില്‍ ആലപ്പുഴ ശവക്കോട്ടപാലം മുതല്‍ ചേര്‍ത്തല 11-ാംമൈല്‍ വരെ നടപ്പാതയേക്കാള്‍ ഒരടിയോളം ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇതുമൂലം ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ നിരവധി അപകടങ്ങള്‍ ഈ ഭാഗത്തുണ്ടായി.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ റോയിമോന്‍, ആര്യാട് സ്വദേശിയായ കയറ്റിയിറക്കി തൊഴിലാളി അന്‍സാരി, കൊല്ലം ശക്തികുളങ്ങര കുഞ്ഞിവീട്ടില്‍ അംബികാദേവി, കാവനാട് വിളയില്‍പുത്തന്‍വീട്ടില്‍ ശിവകുമാറിന്റെ ആറുമാസം പ്രായമുള്ള ഇര്‍ശാന എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അപകടത്തില്‍ മരിച്ചിരുന്നു.
റോഡിന്റെ അശാസ്ത്രിയ നിര്‍മാണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്ത ഉപരോധ സമരത്തെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
സബ് കലക്ടര്‍ ബാലമുരളി, എ ഡി എം ടി ആര്‍ ആസാദ്, ഡി വൈഎസ്പി കെ ജി ലാല്‍ എന്നിവരും പോലിസ് സംഘവും സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉപരോധ സമരം അവസാനിപ്പിക്കുകായിരുന്നു. തുമ്പോളിമുതല്‍ കലവൂര്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും ഗ്രാവലിട്ട് ഉയര്‍ത്താമെന്നും ജനങ്ങള്‍ക്കുറപ്പ് നല്‍കി. ഇന്നലെതന്നെ പത്തുലോഡോളം ഗ്രാവലിറക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേശീയപാതയില്‍ പല സ്ഥലങ്ങളിലും ഇതേ അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it