Pathanamthitta local

അപകടത്തില്‍ പരിക്കേറ്റ വൃദ്ധന്‍ ആശ്രയമില്ലാതെ കടത്തിണ്ണയില്‍

പന്തളം: അപകടത്തില്‍ പരിക്കേറ്റ വൃദ്ധന്‍ ആശ്രയമില്ലാതെ കടത്തിണ്ണയില്‍ കഴിയുന്നു. പെരുമ്പുളിയ്ക്കല്‍, പടുക്കോട്ടുക്കല്‍, കൊച്ചാലുവിള പടിഞ്ഞാറ്റേതില്‍ വാസുദേവക്കുറുപ്പ് (72) ആണ് കനിവ് കാത്ത് കഴിയുന്നത്. മന്നംനഗര്‍ ജങ്ഷനില്‍ വച്ച് നാലു ദിവസം മുമ്പാണ് വൃദ്ധനെ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചത്. ഇരുപത് വര്‍ഷം മുന്‍പ് വീടു വിട്ടിറങ്ങി നാട്ടില്‍ കൂലിപ്പണിചെയ്ത് ജീവിച്ചുവരികയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇയാളെ പ്രദേശത്തെ യുവാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികില്‍സ ക്കുശേഷം വിട്ടയച്ചു.
എന്നാല്‍ കുറെ ദിവസങ്ങള്‍ക്കു ശേഷം മുറുവുകള്‍ പഴുക്കുകയും വൃദ്ധന്‍ അവശനാകുകയുമായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിയ്ക്കലും മന്നം നഗര്‍ മോഡേണ്‍ ആര്‍ഡ്‌സ് അംഗങ്ങളും ചേര്‍ന്ന് അടൂര്‍ ഗവണ്‍മെന്റ് ആശുപത്രി എത്തിച്ച് പ്ലാസ്റ്റര്‍ ഇടുകയും വീട്ടുകാരെ സമീപിച്ച് സംരക്ഷണ ചുമതല ആവിശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ഇയാളെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാലും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആളില്ലാത്ത സ്ഥിതിയിലും മന്നംനഗര്‍ ജങ്ഷനുസമീപത്തെ വീടിന്റെ വരാന്തയിലാക്കിയിരിക്കുകയാണ്.
പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും പരസഹായം ആവശ്യമുള്ള വൃദ്ധനെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ബ്ലോക്ക് അംഗവും ക്ലബ്ബ് ഭാരവാഹികളും. സന്നദ്ധസേവ പ്രവര്‍ത്തകരെ പലരേയും ബന്ധപ്പെട്ടെങ്കിലും ആരും തന്നെ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഒടുവില്‍ ചേന്നംപ്പള്ളില്‍ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ ഭാരവാഹികളെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍.
Next Story

RELATED STORIES

Share it