malappuram local

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു തോക്കും തിരകളും കണ്ടെടുത്ത സംഭവം; ഒരാളെ അറസ്റ്റ് ചെയ്തു

എടക്കര: അപകടത്തില്‍പെട്ട കാറില്‍ നിന്നും നാടന്‍ തോക്കും തിരകളും കണ്ടെടുത്ത സംഭവത്തില്‍ എടക്കര പോലിസ് ഒരാളെ അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന എടവണ്ണ എരിഞ്ഞിക്കോട് ചളിപ്പാടം ചെമ്പ്ര ജയമോനെ(42) യാണ് എടക്കര എസ്‌ഐ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്.
അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇയാള്‍ ചികില്‍സക്കിടെ മുങ്ങിയിരുന്നു. വണ്ടൂര്‍ തിരുവാലിയിലുള്ള ഇയാളുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ വച്ചാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് പൂച്ചക്കുത്ത് വളവിലാണ് അപകടമുണ്ടായത്.
ഹൈവേ പോലിസ് പിന്‍തുടരുന്നതിനിടെ അമിതവേഗതയില്‍ പോയ സ്വിഫ്റ്റ് കാര്‍ സിഎന്‍ജി റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ എടവണ്ണ സ്വദേശി തയ്യില്‍ അബ്ദുള്‍ വഹാബ്(28) മരിക്കുകയും കൂടെയുണ്ടായിരുന്ന ജയ്‌മോന്‍, പത്തപ്പിരിയം സ്വദേശി ലുക്മാന്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടത്തില്‍പെട്ട കാറില്‍ നിന്നും ഒരു നാടന്‍ തോക്കും, അഞ്ച് തിരകളും പോലിസ് കണ്ടെടുത്തിരുന്നു. ഹൈവേ പോലിസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വഴിക്കടവ് വനമേഖലയില്‍ വേട്ടക്ക് പോയി സംഘം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എടവണ്ണ എട്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവാണ് പോലിസ് അറസ്റ്റ് ചെയ്ത ജയമോന്‍. ലുക്മാന്റെ പേരിലും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എസ്.ഐക്ക് പുറമെ സീനിയര്‍ സിപിഒ അനില്‍കുമാര്‍, സിപിഒമാരായ ഷിഫിന്‍, മുജീബ്, നിഷാദ്, അബൂബക്കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it