അന്‍സാര്‍ അഹ്മദ് ശെയ്ഖിന് ഇനി പേരു പറയാം, ധൈര്യത്തോടെ, അഭിമാനത്തോടെ

പൂനെ: ജല്‍നാസ് ഷെഡ്ഗണ്‍ വില്ലേജിലെ ദരിദ്രനായ ഓട്ടോ ഡ്രൈവറുടെ മകന് ഇനി തന്റെ പേര് അന്‍സാര്‍ അഹ്മദ് ശെയ്ഖ് എന്നാണെന്നു ധൈര്യത്തോടെ ഉറക്കെ വിളിച്ചുപറയാം, കാരണം അയാള്‍ ഇനി ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ അംഗമാണ്.
പിജിക്ക് പഠിക്കാന്‍ പൂനെ നഗരത്തിലെത്തിയപ്പോള്‍ മുസ്‌ലിം പേരു കാരണം താമസിക്കാന്‍ ഇടം കിട്ടാതിരുന്ന അവസ്ഥയില്‍ അതു മറികടക്കാന്‍ ശുഭം എന്ന പേരിലേക്കു മാറിയ ഗതികേടില്‍ നിന്നും അന്‍സാര്‍ അഹ്മദ് ശെയ്ഖിന് മോചനമായി. കഴിഞ്ഞദിവസം പ്രസിദ്ധപ്പെടുത്തിയ ഐഎഎസ് പട്ടികയില്‍ ഈ 21കാരന്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു. സ്വന്തം പേരുപോലും മാറ്റിവച്ച്, വ്യക്തിത്വം മറച്ചുപിടിച്ച് താമസസ്ഥലം നേടേണ്ടിവന്നെങ്കിലും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുംകൊണ്ട് ചെറുപ്രായത്തില്‍ തന്നെ ഐഎഎസ് പ്രവേശനം നേടിയ ഈ യുവാവ് ഫലം പുറത്തുവന്നപ്പോള്‍ ആദ്യം പറഞ്ഞത് തന്റെ പേര് ശുഭം എന്നല്ല അന്‍സാര്‍ അഹ്മദ് ശെയ്ഖാണ് എന്നായിരുന്നു.
പരമ ദരിദ്രമായ കുടുംബത്തിലെ അംഗമാണ് അന്‍സാര്‍ അഹ്മദ് ശെയ്ഖ്. മൂന്നു ഭാര്യമാരുള്ള ഓട്ടോ ഡ്രൈവറുടെ രണ്ടാം ഭാര്യയിലെ മകന്‍. നാട്ടിലെ കോളജില്‍ നിന്ന് ബിഎ ബിരുദം നേടിയ ശേഷം പിജിക്കും ഐഎഎസ് പരിശീനത്തിനുമായി പൂനെയിലെത്തിയപ്പോഴാണ് ഫാഷിസ ത്തിന്റെ വിലക്ക് ഇദ്ദേഹത്തിനു നേരിടേണ്ടിവന്നത്. കൂടെയുള്ള സുഹൃത്തുക്കള്‍ക്കെല്ലാം വളരെ വേഗം വാടകവീട് കണ്ടെത്താനായെങ്കിലും മുസ്‌ലിം ആണെന്ന കാരണത്താല്‍ അ ന്‍സാര്‍ അഹ്മദ് ശെയ്ഖിന് ആരും താമസസ്ഥലം നല്‍കിയില്ല. ഇതോടെയാണു ശുഭം എന്ന സുഹൃത്തിന്റെ പേരിലേക്ക് അന്‍സാര്‍ മാറിയത്. ഇതോടെ വളരെവേഗം താമസസ്ഥലം ലഭിച്ചു.
ദിവസം 12 മണിക്കൂര്‍ വീതം ഇടവേളയില്ലാതെ മൂന്നുവര്‍ഷം കഠിനാധ്വാനം ചെയ്താണ് അന്‍സാര്‍ അഹ്മദ് ശെയ്ഖ് ഐഎഎസ് കടമ്പ കടന്നത്. അക്ഷരാഭ്യാസമില്ലാത്ത മാതാവും ചെറുപ്രായത്തില്‍ തന്നെ പഠനം അവസാനിപ്പിക്കേണ്ടിവന്ന സഹോദരങ്ങളുമാണ് അന്‍സാറിനുള്ളത്. അതുകൊണ്ടുതന്നെ അന്‍സാര്‍ അഹ്മദ് ശെയ്ഖിന്റെ ഐഎഎസ് നേട്ടം അദ്ദേഹത്തിന്റെ ദരിദ്ര കുടുംബത്തിന് സ്വപ്‌നത്തില്‍ പോലും വിശ്വസിക്കാനാവാത്തത്രയും ഉന്നതമാണ്.
Next Story

RELATED STORIES

Share it