അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് കെ രാമകൃഷ്ണന്‍ എന്നിവരുടേതാണ് ഉത്തരവ്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുനീങ്ങുന്നതായും കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണവിവരം സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
പോലിസ് ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ കേസന്വേഷണം സിബിഐക്കോ പുതിയ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടി ബി മിനി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സിബിഐ അന്വേഷണം സാധ്യമല്ലെങ്കില്‍ മുതിര്‍ന്ന വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ പുതിയ സംഘത്തെ നിയമിക്കാനും ആവശ്യപ്പെട്ടിരുന്നു. ഹരജി ഇന്നലെ രാവിലെ ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് കെ ഹരിലാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ എത്തിയെങ്കിലും ജസ്റ്റിസ് ഹരിലാല്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറി. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജസ്റ്റിസ് ഷഫീഖിന്റെ ചേംബറില്‍ ജസ്റ്റിസ് കെ രാമകൃഷ്ണനെ ഉള്‍പ്പെടുത്തി കേസ് പരിഗണിച്ചത്.
കേസന്വേഷണം ശരിയായദിശയില്‍ പുരോഗമിക്കുകയാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി ബോധിപ്പിച്ചു. ഇക്കാര്യം കണക്കിലെടുത്ത ഡിവിഷന്‍ ബെഞ്ച് അന്വേഷണം സുപ്രധാന ഘട്ടത്തിലാണെന്ന് വിലയിരുത്തി.
കോടതിയുടെ നിര്‍ദേശങ്ങളോ ഉത്തരവുകളോ വേണ്ടതില്ല. എന്നാല്‍, 30ന് കേസ് പരിഗണിക്കും മുമ്പ് അന്വേഷണപുരോഗതി സംബന്ധിച്ച റിപോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it