അന്യ ജാതിക്കാരിയെ വിവാഹം ചെയ്ത യുവാവിന്റെ പിതാവിന് വിലക്ക്

പൂനെ: മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കുടുംബാംഗത്തിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ 55 കാരന് ജാതിപഞ്ചായത്തിന്റെ വിലക്ക്. ഗൗഢ ബ്രാഹ്മണ സമുദായാംഗമായ ശങ്കര്‍ ഡങ്കിക്കാണ് ജാതിപഞ്ചായത്ത് വിലക്കുമൂലം അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാവാതെ പോയത്. ഇതിനെതിരേ ഡങ്കി നല്‍കിയ പരാതിയില്‍ പോലിസ് ആറുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വിലക്കിനു പുറമെ സമുദായത്തില്‍ തിരികെ വരണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കാനും ഇവര്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. അമ്മാവന്റെ ചികില്‍സാ ചെലവുകളെല്ലാം വഹിച്ച തന്നെ മകന്റെ വിവാഹത്തിന്റെ പേരില്‍ സംസ്‌കാര ചടങ്ങില്‍ നിന്നും ഒരു വിഭാഗം പുറത്താക്കുകയായിരുന്നു എന്ന് ഡങ്കി ആരോപിച്ചു.
സാമൂഹിക ബഹിഷ്‌കരണം തടയുന്ന ബില്ല് മഹാരാഷ്ട്രാ നിയമസഭ ഈ മാസം 13ന് പാസാക്കിയതിനു പിന്നാലെയാണ് ജാതി പഞ്ചായത്തിന്റെ ഊരുവിലക്ക്. അഞ്ചു വര്‍ഷം മുമ്പാണ് മകന്‍ വിവാഹം കഴിച്ചതെന്നും രണ്ടു വര്‍ഷം മുമ്പ് മറ്റൊരു ബന്ധു മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ ആരും തടഞ്ഞില്ലെന്നും ഡങ്കി പറഞ്ഞു.
Next Story

RELATED STORIES

Share it