അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ നിയമപരമായി തിരിച്ചുപിടിക്കും

കൊച്ചി: അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുകള്‍ നിയമപരമായി തിരിച്ചുപിടിക്കുമെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡും കേന്ദ്ര വഖ്ഫ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണന്ത്യന്‍ വഖ്ഫ് ശില്‍പശാല എറണാകുളം ഐഎംഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ നിയമഭേദഗതി നടപ്പാക്കി വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതകൂടിയാണ്. വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിലും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. നിയമപരമായ നടപടികളിലൂടെ സുത്യാര്യമായ രീതിയില്‍ വഖ്ഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും നടപടി സ്വീകരിക്കും. സമുദായത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് വഖ്ഫ് സ്വത്തുക്കളിലെ വരുമാനം ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ വഖ്ഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണം. ഇക്കാര്യത്തില്‍ വഖ്ഫ് സ്വത്തുക്കളുടെ മാനേജര്‍മാരായ മുത്തവല്ലികളുടെ സേവനം ഏറെ പ്രധാനപ്പെട്ടതാണ്. കോഴിക്കോട്ട് കടമുറികള്‍ ഇപ്പോഴും രണ്ടു രൂപ വാടകയ്ക്കു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. വഖ്ഫ് സ്വത്തുകളുടെ വിനിയോഗം ഇഹത്തിലും പരത്തിലും ചോദ്യംചെയ്യുപ്പെടുന്നതാണെന്ന ബോധമുണ്ടാവേണ്ടതുണ്ട്.
അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്വത്തുക്കളില്‍ നിയമപരമായ നടപടികളുമായി വഖ്ഫ് ബോര്‍ഡ് മുന്നോട്ടുപോവും. വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സമുദായത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാവുന്നതിനു തയ്യാറാവണമെന്നും റഷീദലി തങ്ങള്‍ പറഞ്ഞു. നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളില്‍ അതു ചര്‍ച്ചചെയ്ത ശേഷമായിരിക്കണം നടപ്പാക്കേണ്ടതെന്ന് ടി എ അഹ്മദ് കബീര്‍ എംഎല്‍എ പറഞ്ഞു. കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി അലി അഹ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ അംഗം ടി ഒ നൗഷാദ്, കേരള വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. ഷറഫുദ്ദീന്‍, സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി എം ജമാല്‍ സംസാരിച്ചു. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം, വികസനം, അന്യാധീനപ്പെട്ടവ വീണ്ടെടുക്കല്‍ എന്നീ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കര്‍ണാടക വഖ്ഫ് ബോര്‍ഡ് സ്‌പെഷ്യല്‍ ഓഫിസര്‍ മുജീബുല്ലാ ഒഫാരി സംസാരിച്ചു.
Next Story

RELATED STORIES

Share it