thiruvananthapuram local

അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപില്‍ മന്ത് പടരുന്നു

വിഴിഞ്ഞം: അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപില്‍ മന്ത് പടരുന്നു. മുക്കോലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് തൊഴിലാളികളില്‍ മന്ത് പടരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്.
ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള അടിയന്തര നടപടി ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. മുക്കോല, പീചോട്ടോണം തുടങ്ങിയ പ്രദേശങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരിശോധനയില്‍ ശരാശരി 40ല്‍ മൂന്നും 70ല്‍ ആറും പേര്‍ക്ക് മന്തുരോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
ജില്ലാ കൊതുകുനിയന്ത്രണ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ക്യാംപുകളില്‍ താമസിക്കുന്ന തൊഴിലാളികളില്‍ രക്തപരിശോധന നടത്തിയത്.
ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളിലാണ് മന്തുരോഗലക്ഷണം കൂടുതലായി കാണുന്നത്. ഇവര്‍ കേരളത്തില്‍ എത്തുന്നതോടെ അസുഖവും കൂടെയെത്തുന്നു. തദ്ദേശവാസികള്‍ക്ക് അസുഖം പടരാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ലേബര്‍ ക്യാംപുകളിലെ സൗകര്യക്കുറവും തൊഴിലാളികളുടെ ജീവിതശൈലിയും അസുഖത്തിനു കാരണമാവുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്ക ക്യാംപുകളും പ്രവര്‍ത്തിക്കുന്നത്.
1800ലേറെ അന്യസംസ്ഥാന തൊഴിലാളികളാണ് വിഴിഞ്ഞം, മുക്കോല, കിടാരക്കുഴി, ഉച്ചക്കട, നെട്ടത്താന്നി, നെല്ലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലായി താമസിക്കുന്നത്. ഇതില്‍ മിക്ക ക്യാംപുകളിലും ആളുകള്‍ തിങ്ങിക്കൂടിയാണ് കഴിയുന്നത്.
ഇത്രയും പേര്‍ക്ക് ഉപയോഗിക്കാനുള്ള ടോയ്‌ലറ്റും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് ആക്ഷേപമുണ്ട്. പലര്‍ക്കും നേരായ തിരിച്ചറിയല്‍ രേഖകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ല. തൊഴിലാളികളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍, കഞ്ചാവ്, മദ്യം തുടങ്ങിയവയുടെ ഉപയോഗവും കൂടുതലാണെന്ന് വെളിപ്പെട്ടതായി അധികൃതര്‍ പറയുന്നു. മന്തിനു പുറമെ ക്ഷയം, മലമ്പനി, ലൈംഗികരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയും തൊഴിലാളികള്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it