Middlepiece

അന്ന് പുളിച്ചു; ഇന്ന് അവാര്‍ഡിനെന്ത് മധുരം!

റഫീഖ് റമദാന്‍

സമ്പത്തുകാലത്ത് തൈ പത്തു വച്ചാല്‍ ആപത്തുകാലത്ത് കാ പത്തുതിന്നാം എന്ന ചൊല്ലിന്റെ അര്‍ഥം അനുപംഖേര്‍ എന്ന ബ്രാഹ്മണനോളം അറിയുന്നവര്‍ കാണില്ല ഈ അണ്ഡകടാഹത്തില്‍. അല്ലെങ്കില്‍ ഒരുകാലത്ത് മുംബൈയിലെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയിരുന്ന ഈ യുവാവ് പത്മഭൂഷണ്‍ പോലുള്ള പരമോന്നത പുരസ്‌കാരം നേടുമായിരുന്നില്ല. ഒന്നുകൂടി ലളിതമായി പറയുകയാണെങ്കില്‍ സഹിഷ്ണുതാപരമായ താത്ത്വികാവലോകനങ്ങള്‍ക്കപ്പുറം ഹിംസയോട് രാജിയായുള്ള പ്രായോഗികവാദികള്‍ക്കേ പുരസ്‌കാരങ്ങള്‍ അടിച്ചെടുക്കാനാവൂ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഗോപ്രേമരാഷ്ട്രീയത്തിന്റെ മറവില്‍ രാജ്യമെങ്ങും വര്‍ഗീയജീവികള്‍ ഫണമുയര്‍ത്തുകയും സഹജീവികളെ കൊന്നൊടുക്കുകയും ചെയ്തപ്പോള്‍ ബോളിവുഡില്‍ സഹിഷ്ണുതയുടെ നിലാവുദിച്ച സമയം. അവിടത്തെ കിരീടംവയ്ക്കാത്ത രാജാക്കന്മാരായ ഖാന്‍മാര്‍ അസഹിഷ്ണുതയ്‌ക്കെതിരേ നാക്കനക്കാന്‍ തുടങ്ങി. സാഹിത്യകാരന്മാരും എഴുത്തുകാരും പുരസ്‌കാരങ്ങളും പദവികളും സര്‍ക്കാരിനെ തിരിച്ചേല്‍പിച്ചത് ലോകതലത്തില്‍ വാര്‍ത്തയായി. രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഒരുഭാഗത്ത് അസഹിഷ്ണുതയില്‍ മനംനൊന്തവര്‍. മറുചേരിയില്‍ പശു തിന്ന ബാക്കി മനുഷ്യര്‍ തിന്നാല്‍ മതി എന്ന വിശാലഹൃദയരും! അപ്പോള്‍ ബോളിവുഡില്‍ ഒരു ശൂന്യത പ്രത്യക്ഷപ്പെട്ടു. അസഹിഷ്ണുതയോടു രാജിയാവുന്നവരുടെ സ്‌പേസ്. സ്ലോമോഷനില്‍ അവിടേക്കു കയറിച്ചെന്ന് ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുകയായിരുന്നു കുശാഗ്രബുദ്ധിയായ ഈ മൊട്ടത്തലയന്‍ ഖിലാഡി. അനുപംഖേര്‍ എന്ന സുന്ദരന്‍.
ഓര്‍മയില്ലേ 2010ല്‍ പത്മ പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ അനുപംഖേര്‍ പറഞ്ഞത്. ''നമ്മുടെ രാജ്യത്തെ പുരസ്‌കാരങ്ങളെല്ലാം ഭരണകൂടത്തിന്റെ കോമാളിത്തരങ്ങളായി മാറി. ഒരു ആധികാരികതയുമില്ലാതെയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ചലച്ചിത്ര അവാര്‍ഡുകളിലാണിത് കൂടുതലായി കണ്ടത്. ഇപ്പോള്‍ പത്മ അവാര്‍ഡുകളുടെ കാര്യത്തിലും അത് സംഭവിച്ചു.'' എന്നാല്‍, ഇപ്പോള്‍ മോദിജി സ്വന്തക്കാരെ തിരുകിക്കയറ്റിയുണ്ടാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട് പത്മ പുരസ്‌കാരം ലഭിച്ചപ്പോള്‍ അനുപംഖേര്‍ പറഞ്ഞത് തനിക്ക് പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു, ജീവിതത്തിലെ വലിയ കാര്യമാണിത് എന്നൊക്കെയാണ്! എല്ലാറ്റിനും പുറമേ ഹാഷ്ടാഗടിച്ച ഒരു ജയ്ഹിന്ദും. 2010ല്‍ ഇതൊന്നും ഉണ്ടായിരുന്നില്ല.
വെറുതെയല്ല ആശാന്‍ അസഹിഷ്ണുതാ വിവാദസമയത്ത് ഭരണപക്ഷത്തെ സുഖിപ്പിക്കുന്ന പ്രസ്താവനകളുമായി നിറഞ്ഞുനിന്നത്. അസഹിഷ്ണുതയും ഇഷ്ടമുള്ളത് പറയാന്‍ സ്വാതന്ത്ര്യമില്ലെന്നതും ബോഡിഗാര്‍ഡുകളുമായി നടക്കുന്ന സമ്പന്ന ബുദ്ധിജീവികളുടെ തോന്നലാണെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നു എന്ന പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യാഗേറ്റില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തിയാണ് അനുപംഖേര്‍ മോദിയുടെ മനംകവര്‍ന്നത്.
ചലച്ചിത്രമേഖലയിലെ വലതുപക്ഷ ചിന്താഗതിക്കാരായ സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍, ചിത്രകാരന്‍ വാസുദേവ് കാമത്ത് എന്നിവരുള്‍പ്പെടെ നിരവധിപേരെ അണിനിരത്തി പ്രതിരോധം സൃഷ്ടിച്ചതോടെ സംഘപരിവാരത്തിന്റെ കണ്ണിലുണ്ണിയായിമാറി ഖേര്‍. കമല്‍ഹാസന്‍, ശേഖര്‍ കപൂര്‍, വിവേക് ഒബ്‌റോയ്, രവീണ ടണ്ഠന്‍, വിദ്യാബാലന്‍, റിട്ട ജഡ്ജിമാര്‍ തുടങ്ങി നൂറോളം പേര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ഖേര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഭരണവര്‍ഗത്തിനു ദാസ്യപ്പണി ചെയ്ത് പുരസ്‌കാരങ്ങള്‍ ഒപ്പിച്ചെടുക്കുകയെന്നത് പുതിയ കണ്ടുപിടിത്തമല്ല. പ്രകൃതിസ്‌നേഹിയായ കവയിത്രിയായി നമ്മുടെ മനസ്സില്‍ ഇടംനേടിയ സുഗതകുമാരിയും അനുപംഖേറിന്റെ വഴിയേ ആയതിനാല്‍ ഒരു പുരസ്‌കാരം കൂടി മണത്തുതുടങ്ങിയിരിക്കുന്നു. പത്മശ്രീ ലഭിച്ച് 12 വര്‍ഷത്തിനുശേഷമാണ് ഖേറിന് പത്മഭൂഷണ്‍ കിട്ടിയത് എന്നത് സുഗതകുമാരിയമ്മയ്ക്ക് ആശ്വസിക്കാന്‍ വകനല്‍കുന്നു. അവരും പത്മശ്രീ ജേതാവാണല്ലോ.
പുരസ്‌കാരത്തിനുള്ള യോഗ്യത ചോദ്യംചെയ്യാതിരിക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറും സ്വാമി തേജോമയാനന്ദയുമെല്ലാം പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാവുന്നതെങ്ങനെ? സ്പിരിച്വലിസം എന്ന കാറ്റഗറിയിലാണ് അവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോദിജിയുടെ ആത്മീയഗുരുവാണ് ചിന്മയ മിഷന്റെ ആഗോള തലതൊട്ടപ്പനായ സ്വാമിജി. അതുതന്നെ അവാര്‍ഡിനുള്ള യോഗ്യതയാണല്ലോ. അപ്പോള്‍ മഹാപ്രതിഭയായ അനുപംഖേറിനു നല്‍കിയതില്‍ പരാതി പറയാനാവില്ല. അഭിനയകലയിലെ ആചാര്യനാണല്ലോ അദ്ദേഹം.
പുരസ്‌കാരങ്ങള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. അപ്പോഴും ബാക്കിയാവുന്നത് പത്മ പുരസ്‌കാരങ്ങള്‍ക്ക് ആധികാരികതയില്ലെന്ന പഴയ നിലപാട് എങ്ങനെ അദ്ദേഹം മാറ്റിയെന്നതാണ്. തന്റെ ഭാര്യ കിരണ്‍ ബിജെപി എംപിയായിരിക്കെ അത് സ്വീകരിക്കുമ്പോള്‍ ഒരു ത്രില്ലുണ്ടല്ലോ. അതാവാം അദ്ദേഹത്തെ മോഹിപ്പിച്ചത്. അല്ലെങ്കിലും ഇതൊക്കെയാണല്ലോ അഭിനയം.
Next Story

RELATED STORIES

Share it