അന്നത്തെ വികസനം ഇന്ന് തലവേദനയായി

 ചങ്ങനാശ്ശേരി: കുട്ടനാട് എംഎല്‍എ ആയിരുന്ന ഡോ. കെ സി ജോസഫ് മുന്‍കൈയെടുത്തു നിര്‍മിച്ച ഒരു പാലം ഇന്ന് ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുന്ന അദ്ദേഹത്തിനു തലവേദനയായി. കണ്ണാടി-കിടങ്ങറ റോഡില്‍ 96ല്‍ നിര്‍മിച്ച കെസി പാലമാണ് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.  പാലം നിര്‍മിച്ചതില്‍ അദ്ദേഹത്തെ അന്നു വാനോളം പുകഴ്ത്തിയ എല്‍ഡിഎഫും ഇപ്പോഴത്തെ വിമര്‍ശനത്തിന് എങ്ങനെ മറുപടി പറയണമെന്നറിയാതെ പ്രയാസപ്പെടുകയാണ്. കുട്ടനാടിന്റെ വികസനത്തിന് ഏറെ സഹായകമായ പാലമായിരുന്നു കെസി പാലം.  എന്നാല്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ചങ്ങനാശ്ശേരി ബോട്ടുജെട്ടിയിലേക്കു ചരക്കുകളും മറ്റും എത്തിക്കുന്ന പ്രധാന ജലപാതയിലാണ് ഈ പാലമുള്ളത്. എന്നാല്‍, പാലത്തിന് ഉയരം കുറവാണെന്നും ചങ്ങനാശ്ശേരിയിലേക്കു ചരക്കു വള്ളങ്ങള്‍ മാത്രമല്ല, യാത്രാബോട്ടുകളും ഹൗസ്‌ബോട്ടുകളും മറ്റും വരുവാന്‍ ഏറെ ബുദ്ധിമുട്ടുമെന്നുമായിരുന്നു ആക്ഷേപം.  എന്നാല്‍ ആക്ഷേപങ്ങളെ  അന്ന് ഡോ. കെ സി ജോസഫ് അത്രകാര്യമാക്കിയില്ല. ഒരിക്കല്‍പ്പോലും ചങ്ങനാശ്ശേരിയില്‍ മല്‍സരിക്കേണ്ടിവരുമെന്ന് അന്നദ്ദേഹം കരുതിയതുമില്ല. ഇപ്പോള്‍ അല്‍പം വെള്ളം പൊങ്ങിയാല്‍ പോലും പാലത്തിനടിയിലൂടെ ബോട്ടുകള്‍ക്കും മറ്റും വരാനാവാത്ത അവസ്ഥയാണ്. ഇതുമൂലം ചങ്ങനാശ്ശേരിയിലേക്കു ചെറിയ ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. തന്നെയുമല്ല ചങ്ങനാശ്ശേരിയുടെ ടൂറിസം വികസനത്തിന് ഏറെ സഹായകമാവുന്ന ഹൗസ്‌ബോട്ടുകള്‍ക്ക് ഇവിടേക്കു പ്രവേശിക്കാനും ഈ പാലം തടസ്സമായി നില്‍ക്കുകയാണ്.  പാലം ചങ്ങനാശ്ശേരിയുടെ വികസനത്തിനു തടസ്സമായി എന്ന് എതിരാളികള്‍ ഇപ്പോള്‍  വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയതോടെയാണ് സ്ഥാനാര്‍ഥി വെട്ടിലായത്.
Next Story

RELATED STORIES

Share it