അന്ധയുവതിക്ക് നിയമനമില്ല: സര്‍വകലാശാലയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹരജി

കൊച്ചി: അന്ധ യുവതിക്ക് ലോ ലക്ചര്‍ നിയമനം നല്‍കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്ത കണ്ണൂര്‍ സര്‍വകലാശാല നടപടിക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി. ഹര്‍ജിയില്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് ജസ്റ്റീസ് എ ക ജയശങ്കരന്‍ നമ്പ്യാര്‍ നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
എറണാകുളം ചോറ്റാനിക്കര സ്വദേശിനിയായ വി എസ് പ്രസന്ന കുമാരിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാല 2008 ജനുവരി 20 നാണ് ലോ ലക്ചര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചത്. നിയമനം അംഗവൈകല്യം ഉള്ളവര്‍ക്കായി സംവരണം ചെയ്തിരുന്നു. ഇത്തരം വ്യക്തികള്‍ അപേക്ഷകരായി ഇല്ലെങ്കില്‍ മാത്രം മറ്റ് സംവരണ വിഭാഗങ്ങളേയും ജനറല്‍ വിഭാഗത്തേയും പരിഗണിക്കുമെന്നായിരുന്നു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.
അംഗവൈകല്യമുള്ളവരുടെ ഉയര്‍ന്ന പ്രായപരിധി 40 വയസായിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിക്ക് അന്ന് 40 വയസ് കഴിഞ്ഞ് ഏഴ് മാസമായിരുന്നു. പിന്നീട് 2010 ലാണ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യു നടന്നത്. എന്നാല്‍ അതിനു മുമ്പ് 2009 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ അംഗപരിമിതര്‍ക്ക് 10 വര്‍ഷം വരെ പ്രായത്തില്‍ ഇളവ് കൊടുത്തിരുന്നു. എന്നാല്‍ നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചു.
2009 ലെ പ്രായപരിധി ഇളവ് ലഭിക്കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഹൈക്കോടതി വാദം അംഗീകരിച്ച് എല്‍എല്‍ബിയും, എല്‍എല്‍എമ്മും നേടിയ 100 ശതമാനം കാഴ്ചയില്ലാത്ത പ്രസന്നകുമാരിക്ക് നിയമനം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും നിയമനം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി.
Next Story

RELATED STORIES

Share it