palakkad local

അന്ധമായ ശാസ്ത്രവിരുദ്ധ പ്രചാരണം കുട്ടികളുടെ ഭാവി നശിപ്പിക്കും: വി ടി ബല്‍റാം എംഎല്‍എ

പാലക്കാട്: അന്ധമായ ശാസ്ത്രവിരുദ്ധ പ്രചാരണം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്നുണ്ടെന്നും ഇതുമൂലം ബാല്യത്തില്‍ ലഭിക്കേണ്ട പല കുത്തിവയ്പുകളും കുട്ടികള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ലെന്നും വി ടി ബല്‍റാം എം എല്‍ എ പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ 'സംവാദം' ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ലഭിക്കേണ്ട ആരോഗ്യമേഖലയിലെ പല പ്രതിരോധ കുത്തിവയ്പുകളും അവര്‍ക്ക് നിഷേധിക്കുന്നതുമൂലം കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. സംവാദത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാകോശി അധ്യക്ഷത വഹിച്ചു. പല പുതിയ നിയമങ്ങളും കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നത് കുട്ടികളുമായും വിദ്യാര്‍ഥികളുമായുള്ള ഇത്തരം സംവാദങ്ങളില്‍ നിന്നാണെന്നും അമ്മ ഗര്‍ഭം ധരിക്കുമ്പോള്‍ മുതല്‍ കുട്ടിയുടെ അവകാശം തുടങ്ങുകയാണെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് അവരുടെ ബാല്യം ആസ്വദിക്കുവാന്‍ അവസരം നല്‍കണം. പല സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ റേഷ്യോ കുറഞ്ഞുവരികയാണ്.
ഇതിന് ബോധവല്‍കരണം അനിവാര്യമാണ്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരം സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചി രാജഗിരി കോളേജിലെ പരിശീലന വിഭാഗം മേധാവി രാജീവ് എസ് ആര്‍ ക്ലാസ്സ് നയിച്ചു. ജില്ലയിലെ 40 വിദ്യാലയങ്ങളില്‍ നിന്നായി 80 കുട്ടികളും 40 അദ്ധ്യാപകരും സംവാദത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it