അന്ത്യയാത്രാമൊഴിയായി ശിഷ്യഗണങ്ങളുടെ ഗാനാഞ്ജലി

ആലപ്പുഴ: കുട്ടനാടിന്റെ മക്കളെ തന്റെ കലാസപര്യയുടെ പിന്മുറക്കാരാക്കാന്‍ കാവാലം രൂപംകൊടുത്ത കുരുന്നു കൂട്ടവും മറ്റുശിഷ്യരും കണ്ണീരോടെ നല്‍കിയ ഗാനാഞ്ജലി സ്വീകരിച്ചാണ് മലയാളത്തിന്റെ കാവ്യകലാമൂര്‍ത്തി അന്ത്യയാത്രയായത്. ശിഷ്യരില്‍ പ്രധാനിയായ സിനിമാതാരം നെടുമുടി വേണുവിന്റെ നേതൃത്വത്തിലാണ് സോപാനസംഗീതവും കാവാലത്തിന്റെ കവിതകളും ഉള്‍പ്പെടുത്തിയ ഗാനാഞ്ജലി ആചാര്യന് സമര്‍പ്പിച്ചത്. നാടക രംഗത്തിന് അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കിയെങ്കിലും നാടോടി ശീലുകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ കവിതകളും ലളിത ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും തന്നെയാണ് കൂടുതല്‍ ജനപ്രിയമായത്.
ആലായാല്‍ തറ വേണം, വടക്കത്തിപ്പെണ്ണാള്‍, കറുകറെ കാര്‍മുകില്‍, അതിരു കാക്കും മലയൊന്ന് തുടുത്തേ തുടങ്ങിയ കവിതകളോ ഘനശ്യാമ സന്ധ്യാ ഹൃദയവും ഓടക്കുഴല്‍ വിളിയൊഴുകിയൊഴുകി പോലത്തെ ലളിതഗാനങ്ങളോ ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ സംഗീതാര്‍ച്ചന അദ്ദേഹത്തിനുള്ള ഏറ്റവും അനുയോജ്യമായ അന്ത്യയാത്രാമൊഴിയായി. കവി, ഗാനരചയിതാവ്, നാടകകൃത്ത്, സംവിധായകന്‍, സൈദ്ധാന്തികന്‍ ഗവേഷകന്‍ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നപ്പോഴും തനി കുട്ടനാട്ടുകാരനായിരുന്നു നാരായണപ്പണിക്കര്‍.
1961ല്‍ കേരള സംഗീത അക്കാദമി ചെയര്‍മാനായി തൃശൂരിലേക്കും പിന്നീട് തിരുവനന്തപുരം തൃക്കണ്ണാപുരത്തെ സോപാനത്തില്‍ സ്ഥിരം താമസമക്കിയപ്പോഴുമൊക്കെ മാസത്തില്‍ ഒരുതവണയെങ്കിലും കുട്ടനാട്ടിലെത്താതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
11 വര്‍ഷം മുമ്പ് ഒരു ഏപ്രില്‍ മാസത്തിലാണ് കാവാലത്തെ സാംസ്‌കാരിക യുവജന സംഘടനകളുടെ സഹായത്തോടെ കുരുന്നുകൂട്ടം സംഘടിപ്പിച്ചത്. പിന്നീട് മുടങ്ങാതെ എല്ലാ മധ്യവേനല്‍ അവധിക്കാലത്തും കുരുന്നുകൂട്ടം ശ്രീഹരിവീടിന്റെ മുറ്റത്ത് ഒത്തുചേര്‍ന്നു. കവിതയും നാടകവും പാട്ടുമൊക്കെയായി കാവാലവും അവരോടൊപ്പം ചേര്‍ന്നു. നാടോടിപ്പാട്ടുകളുടെ ലാവണ്യവും നാടന്‍ വായ്ത്താരികളുടെ ഭംഗിയും മധുരമിഠായിപോലെ അദ്ദേഹം കുട്ടികളിലേക്ക് പകര്‍ന്നു. ആ കുരുന്നു കൂട്ടം തങ്ങളുടെ ആചാര്യന് അന്തിമാഞ്ജലിയായി സംഗീത അര്‍ച്ചന നടത്തിയപ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ ആയിരങ്ങള്‍ കണ്ണീരണിഞ്ഞു.
Next Story

RELATED STORIES

Share it