malappuram local

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 30,33,864 വോട്ടര്‍മാര്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി ആകെ 30,33,864 വോട്ടര്‍മാര്‍. 15,43,041 സ്ത്രീകളും 14,90,823 പുരുഷന്‍മാരുമാണ് വോട്ടര്‍ പട്ടികയിലുള്ളത്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് (2,09,876) വണ്ടൂര്‍ നിയോജക മണ്ഡലത്തിലാണ്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള (1,65,869) മണ്ഡലം ഏറനാടാണ്. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത് (1,08,104), വണ്ടൂര്‍ മണ്ഡലത്തിലും കുറവ് സ്ത്രീ വോട്ടര്‍മാരുള്ളത് (82,695) വേങ്ങര മണ്ഡലത്തിലുമാണ്. ഭിന്ന ലിംഗക്കാരായ ആരും പട്ടികയില്‍ ഇല്ല.
ജില്ലയില്‍ 3,933 പ്രവാസി വോട്ടര്‍മാരാണുള്ളത്. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് (1,158) തിരൂര്‍ മണ്ഡലത്തിലാണ്. 62 പേരുള്ള വണ്ടൂര്‍ മണ്ഡലത്തിലാണ് പ്രവാസി വോട്ടുകള്‍ ഏറ്റവും കുറവ്. 2010 ലെ ജനപ്രാതിനിധ്യ ഭോദഗതി നിയമം 2011 ഫെബ്രുവരി 10ന് പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് ആദ്യമായി പ്രവാസി വോട്ട് യാഥാര്‍ഥ്യമായത് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിദേശത്ത് താമസമാക്കിയ, എന്നാല്‍ വിദേശ പൗരത്വം സ്വീകരിച്ചിട്ടില്ലാത്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇതിലൂടെ വോട്ടവകാശം ലഭിച്ചു. പ്രവാസികള്‍ വോട്ട് ചെയ്യുമ്പോള്‍ അസ്സല്‍ പാസ്‌പോര്‍ട്ടാണ് തിരിച്ചറിയല്‍ രേഖയായി കണക്കാക്കുക.
2,340 സര്‍വീസ് വോട്ടുകളും ജില്ലയിലുണ്ട്. ജില്ലയിലേക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കര-നാവിക-വ്യോമ സേനാ വിഭാഗത്തിലുള്ളവരുടെ വോട്ടുകളാണ് സര്‍വീസ് വോട്ടുകള്‍. ഇവര്‍ക്കുള്ള ബാലറ്റ് പേപ്പറുകള്‍ അതത് റിക്കോഡ് ഓഫിസുകളിലേക്ക് അയച്ചുനല്‍കി. ഇവ വോട്ട് ചെയ്ത് തിരിച്ചയക്കും. സേനാംഗങ്ങളുടെ ഭാര്യമാരും സര്‍വീസ് വോട്ടര്‍മാരാണ്. എന്നാല്‍, കൂടെ താമസിക്കുന്ന മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സര്‍വീസ് വോട്ട് ചെയ്യാന്‍ അവകാശമില്ല.
നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഇവര്‍ക്ക് അവകാശമുണ്ടെങ്കിലും സ്വന്തം നാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യമുള്ളവരാണ് സര്‍വീസ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുക. പ്രവാസി വോട്ടര്‍മാരെപ്പോലെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ തന്നെ ഇവര്‍ക്ക് വോട്ട് ചെയ്യാം.
അതിനാല്‍ ജില്ലയിലെ ആകെ വോട്ടര്‍മാരുടെ കണക്കില്‍ ഇവര്‍ ഉള്‍പ്പെടില്ല. അതിര്‍ത്തി രക്ഷാ സേന, സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയിലും വിദേശത്ത് ജോലി ചെയ്യുന്ന കേന്ദ്ര സര്‍വീസിലുള്ളവരും സര്‍വീസ് വോട്ടര്‍പട്ടികയിലുള്‍പ്പെടും. 464 വോട്ടുകളുള്ള നിലമ്പൂര്‍ മണ്ഡലത്തിലാണ് സര്‍വീസ് വോട്ടുകള്‍ ഏറ്റവും കൂടുതല്‍. ഏറ്റവും കുറവ് സര്‍വീസ് വോട്ടര്‍മാര്‍ (23) വേങ്ങര മണ്ഡലത്തിലാണ്.
Next Story

RELATED STORIES

Share it