Pathanamthitta local

അന്തിമ ചിത്രമായി; ജില്ലയില്‍ 37 സ്ഥാനാര്‍ഥികള്‍; ആറ് വനിതകള്‍

പത്തനംതിട്ട: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ജില്ലയിലെ തിരഞ്ഞെടുപ്പുരംഗത്തിന്റെ അന്തിമ ചിത്രം വ്യക്തമായി. ഇന്നലെ എട്ടുപേര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ 37 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്ത് അവശേഷിക്കുന്നത്. ഒമ്പത് പേര്‍ മല്‍സരിക്കുന്ന ആറന്മുളയിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍.
കോന്നിയില്‍ എട്ടും റാന്നിയിലും അടൂരിലും ഏഴു വീതവും തിരുവല്ലയില്‍ ആറും സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. അഞ്ചു മണ്ഡലങ്ങളിലുമായി ആറു വനിതാസ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്.
റാന്നിയിലാണ് കൂടുതല്‍ വനിതാസ്ഥാനാര്‍ഥികള്‍. മൂന്നുപേര്‍ ഇവിടെ മല്‍സരിക്കുന്നു. തിരുവല്ലയിലും ആറന്മുളയിലും അടൂരും ഓരോ വനിതകള്‍ രംഗത്തുണ്ട്.
യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ, എസ്ഡിപിഐ സഖ്യം അഞ്ചു മണ്ഡലങ്ങളിലും മല്‍സരിക്കുമ്പോള്‍, ബിഎസ്പി നാലിടത്തും പിഡിപി രണ്ടിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയും ശിവസേനയും ഓരോ സ്ഥലത്തുമാണ് ജനവിധി തേടുന്നത്. അഞ്ചു മണ്ഡലങ്ങളിലുമായി എട്ട് സ്വതന്ത്രരാണ് രംഗത്തുള്ളത്.
അടൂരില്‍ യുഡിഎഫ് വിമതനായി പത്രിക നല്‍കിയിരുന്ന മോഹന്‍ദാസ്, കെ കെ ഷാജുവിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ അദ്ദേഹത്തിന്റെ ഭാര്യ സീമ എല്‍ അടക്കമുള്ളവരാണ് ഇന്നലെ പത്രിക പിന്‍വലിച്ചത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും അപരന്‍മാരുടെ ഭീഷണി ഇല്ലെന്നതാണ് ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയുടെ പ്രത്യേകത. ചില മണ്ഡലങ്ങളില്‍ രംഗത്തുവന്ന വിമതന്‍മാരും അവസാന നിമിഷം പിന്‍മാറിയതോടെ മുന്നണി സ്ഥാനാര്‍ഥികളുടെ നേര്‍ക്കുനേരെയുള്ള പോരാട്ടത്തിനാണ് ജില്ലയിലെ തിരഞ്ഞെടുപ്പു രംഗം വേദിയായിരിക്കുന്നത്.
അന്തിമ ചിത്രം വ്യക്തമായതോടെ അവസാനഘട്ട പ്രചാരണത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടുള്ള നീക്കങ്ങളാവും ഇനി സ്ഥാനാര്‍ഥികള്‍ നടത്തുക. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ലയിലും അടൂരും എട്ടുവീതം സ്ഥാനാര്‍ഥികളും റാന്നിയിലും കോന്നിയിലും ഏഴുവീതവും ആറന്മുളയില്‍ 10 ഉം സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്.
Next Story

RELATED STORIES

Share it