അന്താരാഷ്ട്ര സാഹസിക സൈക്കിളിങ് മല്‍സരം അഗസ്ത്യവനത്തില്‍

കാട്ടാക്കട: വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര സൈക്കിളിങ് സാഹസിക മല്‍സരം 16ന് അഗസ്ത്യവനത്തിലെ പാങ്കാവില്‍ നടക്കും. 15ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
അഗസ്ത്യാവനമേഖലയില്‍ ആദ്യമായെത്തുന്ന അന്താരാഷ്ട്ര മല്‍സരം ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. 14ന് മല്‍സരത്തിന്റെ വിളംബര റാലി നടക്കും. 14 മുതല്‍ ട്രയല്‍ മല്‍സരങ്ങള്‍ നടക്കും. പാങ്കാവില്‍ നിന്നാരംഭിച്ച് കുന്നും മലനിരകളും താണ്ടി ചെങ്കുത്തായ കാട്ടുപാതകളിലൂടെ ആറു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തുന്ന വിധമാണ് മല്‍സരം ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമായ യൂനിയന്‍ സൈക്കിളിങ് ഇന്റര്‍നാഷനലിന്റെ സാങ്കേതിക സഹായത്തോടെ സൈക്കിളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അന്താരാഷ്ട്ര മൗണ്ടനിങ് സൈക്കിളിങ് മല്‍സരത്തിന് വേദിയൊരുക്കുന്നത്. ആറു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍ക്യൂട്ട് ട്രാക്കിലാണ് മല്‍സരം. ഇതുവരെ ഏഴു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്ക് പുറമേ ദേശീയ താരങ്ങളും മല്‍സരത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 140 മല്‍സരാര്‍ഥികളെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മല്‍സരം ക്രമീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ സാഹസിക ടൂറിസത്തിനുള്ള അനന്തമായ സാധ്യതകള്‍ മലയോര മേഖലയ്ക്ക് പുത്തനുണര്‍വേകുമെന്നാണ് കണക്കു കൂട്ടല്‍.
ലോകമെമ്പാടുമുള്ള അതിസാഹസികരായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക മാത്രമല്ല, പുതു തലമുറയിലേക്ക് കൂടി സാഹസികത പകര്‍ത്തുകയാണ് ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ യുസിഐ കലണ്ടറില്‍ ഉള്‍പ്പെടുത്തി യുസിഐ അംഗീകൃത മല്‍സരമാക്കി എംടിബി കേരളയെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it