malappuram local

അന്തര്‍ ജില്ലാ മോഷ്ടാക്കള്‍ പാണ്ടിക്കാട് പോലിസിന്റെ പിടിയില്‍

മഞ്ചേരി: ജില്ലയ്ക്കകത്തും പുറത്തുമായി 50 ഓളം സ്ഥാപനങ്ങളില്‍ നിന്ന് 30 ലക്ഷം രൂപയും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും കവര്‍ന്ന രണ്ടംഗ സംഘത്തെ പാണ്ടിക്കാട് സിഐഎ കെ കൃഷ്ണനും എസ്‌ഐ ബേസില്‍ തോമസും ക്രൈം സ്‌ക്വാഡും പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിഎം പ്രദീപ് കുമാറിന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് ഒറവമ്പുറം സ്വദേശികളായ കളത്തിങ്ങല്‍ ഷാഹുല്‍ ഹമീദ്(42), മോഴക്കല്ല് പട്ടാണി അബ്ദുല്‍ അസീസ് എന്ന ബാവ (36) എന്നിവരെയാണ് പോലിസ് തന്ത്രപരമായി പിടികൂടിയത്.
ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി ബാങ്കുകള്‍, ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ബീവറേജ് സ്ഥാപനങ്ങള്‍, കൃഷി ഭവനുകള്‍, കെഎസ്ഇബി ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് പ്രതികള്‍ മോഷണം നടത്തിയത്. പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി, വഴിക്കടവ്, കാളികാവ്, വണ്ടുര്‍, മേലാറ്റൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രതികള്‍ മോഷണം നടത്തിയിട്ടുണ്ട്.
പാലക്കാട് ചെര്‍പ്പുളശ്ശേരി ബിവറേജില്‍നിന്നു 18 ലക്ഷം രൂപയുടെ മദ്യക്കുപ്പികളും പണവുമാണ് ഇവര്‍ മോഷ്ടിച്ചത്. പെരിന്തല്‍മണ്ണ ആനമങ്ങാട് കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു ഒന്നര ലക്ഷം രൂപയുടെ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
ആനക്കയം കെഎസ്ഇബി ഓഫിസില്‍ പണം സുക്ഷിക്കുന്ന ചെസ് പെട്ടിയില്‍ നിന്നു 70,000 രുപയും വൈത്തിരി, ഓമശ്ശേരി എന്നിവിടങ്ങളിലെ സഹകരണ സ്ഥാപനത്തില്‍ നിന്നു ഒരു ലക്ഷം രൂപയും പ്രതികള്‍ കവര്‍ന്നിട്ടുണ്ട്.
ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പി വി ശശിധരന്റെ ആളില്ലാത്ത വീട്ടില്‍ പ്രതികള്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. ഈ കേസില്‍ ജില്ലാ പോലിസ് സുപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സക്വാഡ് രൂപീകരിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നതും കുറ്റകൃത്യങ്ങള്‍ ഓരോന്നായി പുറത്തു വന്നതും. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it