kozhikode local

അന്തര്‍സംസ്ഥാന വാഹന മോഷണം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

താമരശ്ശേരി: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ട് പേര്‍ പിടിയില്‍. എറണാകുളം പറവൂര്‍ ആണ്ടിപള്ളിക്കാവ് കളരിത്തറ ബൈജു ഫ്രാന്‍സിസ് (42), തൃശൂര്‍ കരിമ്പാടത്ത് മനക്കുടി പ്രസാദ് (24) എന്നിവരാണ് പോലീസ് പിടിയിലായത്. കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ടോറസ് ലോറികള്‍ മോഷണം പതിവാക്കിയ സംഘമാണ് ഇരുവരും.
കഴിഞ്ഞ മാസം 23ന് കൊടുവള്ളി പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വാവാട് നിന്നുംപുല്‍ കുഴി ഇമ്പിച്ചികോയ എന്ന ഇമ്പിച്ചി മുഹമ്മദിന്റെ ടോറസ് ലോറി കളവുപോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കുപ്രസിദ്ധ വാഹന മോഷ്ടാക്കളായ ബൈജുവിനേയും പ്രസാദിനേയും തൃഷൂര്‍ തൈക്കാട് നിന്നും പോലിസ് പിടികൂടിയത്. മോഷ്ടിച്ച ടോറസ് ലോറികള്‍ തമിഴ് നാട്ടിലേക്ക് കടത്തിയ ശേഷം ഇത്തരം വാഹനങ്ങളുടെ പഴയ ആര്‍സി ഉപയോഗിച്ചു ഈ വാഹനങ്ങള്‍ മറിച്ചു വില്‍കുകയാണ് ചെയ്യുന്നത്. ഇതിനായി വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രാസാദ് 41 തവണ സ്പിരിറ്റ് കടത്തുകയും പിടിക്കപ്പെട്ടതിനാല്‍ ഗുണ്ടല്‍ പേട്ട പോലിസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇതിനു പുറമേ കോയമ്പത്തൂരിലും സമാനമായ സംഭവത്തില്‍ കേസ് നിലവിലുണ്ട്. വാഹനമോഷണ കേസില്‍ ബൈജുവും, തൃശൂര്‍ അന്തിക്കാട് ഏഴു വയസ്സുകാരിയെ തട്ടിയെടുത്ത് പത്ത് ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ പ്രസാദും ഒരുമിച്ച് കഴിയവേയാണ് പരിചയപ്പെടുന്നത്.
ആറ് മാസം മുമ്പ് പുറത്തിറങ്ങിയ ഇവര്‍ കര്‍ണാടകത്തില്‍ നിന്ന് രണ്ടും, കൊടുങ്ങല്ലൂരില്‍ നിന്നും ഒരു ടോറസ് ലോറിയടക്കം അഞ്ച് വാഹനങ്ങള്‍ മോഷണം നടത്തുകയും ചെയ്തു.
കേരളത്തില്‍ അടിമാലി, കുന്നംകുളം, ആലുവ, വിയ്യൂര്‍, പെരുമ്പാവൂര്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, ആലത്തൂര്‍, തൊടുപുഴ സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, കൊടുവള്ളി സിഐ പ്രേംജിത്ത്, എ.എസ്‌ഐ മാരായ സുരേഷ്, സതീഷന്‍, എസ്‌സിപിഒ ബിജു, സി പിഒ മാരായ ശിബിന്‍ ജോസഫ്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it