kozhikode local

അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

കോഴിക്കോട്: മോഷണം ആസൂത്രണം ചെയ്യുകയായിരുന്ന മൂന്നംഗ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ പുളിക്കല്‍ വീട്ടില്‍ ബാബുകുര്യാക്കോസ്(60), പൊന്നാനി സ്വദേശി കറുത്തമാക്കന്റകത്ത് ബദറുദ്ദീന്‍, പെരിന്തല്‍മണ്ണ വാഴക്കാട് കൂട്ട്പിലാക്കല്‍ മുഹമ്മദ് ബഷീര്‍ എന്നിവരെയാണ് ഭവനഭേദനത്തിന് ഉതകുന്ന ഇരുമ്പുകമ്പിയും ഹാക്‌സോബ്ലൈഡും മറ്റുമായി ചേവരമ്പലം ജങ്ഷന് സമീപത്തു നിന്നു ചേവായൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സിറ്റി പോലിസ് കമ്മീഷണര്‍ ഉമാ ബഹ്‌റയുടെ കര്‍ശന നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പ്രതികള്‍ എസ്‌ഐയേയും പോലിസ് സംഘത്തെയും കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.
കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിരവധി ഭവനഭേദനകേസുകളിലും അമ്പലങ്ങളിലേയും പള്ളികളിലേയും ഭണ്ഡാരങ്ങള്‍ പൊളിച്ച കേസുകളിലും ജയില്‍ ശിക്ഷ ലഭിച്ചയാളാണ് ബാബുകുര്യാക്കോസ്. ബദറുദ്ദീന്‍ മലപ്പുറം ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലും കോഴിക്കോട് സിറ്റിയിലെ പോലിസ് സ്‌റ്റേഷനുകളിലും ഉള്‍പ്പെട്ട മോഷണക്കേസുകളിലെ പ്രതിയാണ്. മുഹമ്മദ് ബഷീര്‍ പെരിന്തല്‍മണ്ണ കോഴിക്കോട് ടൗണ്‍, കസബ, നടക്കാവ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെട്ട കേസുകളിലും പ്രതിയാണ്. മൂന്നു പേരും ഇതിനു മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കുര്യാക്കോസ,് 2015 ഡിസംബറില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം കാസര്‍കോഡ് ജില്ലയിലെ ബദിയടുക്കയില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം അപഹരിച്ചിരുന്നു.
കൂടാതെ കാസര്‍കോട് ജില്ലയിലെ ഒരു പള്ളി ഭണ്ഡാരവും തകര്‍ത്തു. കണ്ണൂര്‍ തളിപറമ്പ് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ കൊടല്ലൂര്‍ പീവിസ് ഹൗസില്‍ അജയകുമാറിന്റെ വീട് കുത്തിതുറന്ന് അഞ്ച് പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലും തളിപ്പറമ്പ് തൃച്ചമ്പരത്തെ ഒരു വീട് കുത്തിത്തുറന്നതിലും മുയ്യത്തെ കുടുംബക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസിലും പരിയാരത്തെ ഒരു ക്ഷേത്രത്തില്‍ മോഷണം നടത്തിയതിലും പ്രതിയാണിയാള്‍. ഇയാള്‍ക്കെതിരേ മംഗലാപുരത്തും കേസുകളുണ്ട്. ബദറുദ്ദീന്‍ 2004, 2005 2006, 2007, 2008, 2011 വര്‍ഷങ്ങളില്‍ പൊന്നാനി, വളാഞ്ചേരി സ്റ്റേഷനുകളില്‍ 15 ഓളം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി.
ഇയാള്‍ കാപ്പയില്‍ ഉള്‍പ്പെട്ട പ്രതിയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ചേവായൂര്‍ എഎസ്‌ഐ അരവിന്ദാക്ഷന്‍ നോര്‍ത്ത് ഷാഡോ ടീം അംഗങ്ങളായ മനോജ്, അബ്ദുറഹിമാന്‍, രണ്‍ധീര്‍, മുഹമ്മദ്, സുജിത്ത്, ആഷിക്ക്, പ്രമോദ്, സുനില്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it