അനുശോചനത്തിലെ അബദ്ധം; വിശദീകരണവുമായി മന്ത്രി ജയരാജന്‍

തിരുവനന്തപുരം: അന്തരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് വാര്‍ത്താചാനലില്‍ തെറ്റായ പരാമര്‍ശം നടത്തി വെട്ടിലായ കായികമന്ത്രി ഇ പി ജയരാജന്‍ വിശദീകരണവുമായി രംഗത്ത്. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള പരമാര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയായിരുന്നു.
മന്ത്രിയുടെ വിശദീകരണം ഇങ്ങനെ: ഞാന്‍ യാത്രയിലായിരിക്കെയാണ് ന്യൂസ് ചാനലില്‍നിന്നു ഫോണ്‍ വന്നത്. അമേരിക്കയില്‍വച്ച് നമ്മുടെ മുഹമ്മദ് അലി മരിച്ചുപോയി എന്നാണ് ചാനലില്‍നിന്നു പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ടുവരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്റ്റ് ചെയ്യുകയും ചെയ്തു. 40 വര്‍ഷം മുമ്പ് റിങ് വിട്ട ബോക്‌സിങ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നതുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് ചാനലില്‍നിന്നുള്ള ഫോണില്‍നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണു നല്‍കിയിരുന്നത്. സാധാരണ ഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെക്കുറിച്ച് ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായികപ്രതിഭകളും ഈ പിശക് മനസ്സിലാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കായിക മന്ത്രിയുടെ അബദ്ധ പരാമര്‍ശം ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു
Next Story

RELATED STORIES

Share it