malappuram local

അനുയോജ്യമായ കെട്ടിടം ലഭിച്ചില്ല; എടക്കരയില്‍ സര്‍ക്കിള്‍ ഓഫിസ് തുടങ്ങുന്നത് വൈകും

എടക്കര: എടക്കരയില്‍ അനുവദിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് ആരംഭിക്കുന്നതിന് കാലതാമസമെടുക്കും. കെട്ടിടം വിട്ടുകിട്ടുന്നത് സംബന്ധിച്ച തടസ്സങ്ങളാണ് ഇതിന് കാരണം. എടക്കര ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലാണ് സര്‍ക്കിള്‍ ഓഫിസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം. ആറ് മുറികളാണ് ഇതിലുള്ളത്.
മൂന്ന് മുറികള്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വിഎഫ്പിസികെ), നാളികേര വികസന സമിതി എന്നിവയ്ക്കായി നീക്കിവച്ചിരിക്കുകയാണ്. കാലങ്ങളായി ഇവ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബാക്കിയുള്ള മൂന്ന് മുറികളാണ് സര്‍ക്കിള്‍ ഓഫിസിനായി പരിഗണിക്കുന്നത്.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അനുമതിയില്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് കെട്ടിടം പഞ്ചായത്തിന് വിട്ടുനല്‍കാനാവില്ല. പഞ്ചായത്തിന്റെ ആവശ്യം ഉന്നയിച്ച് സെക്രട്ടറി ബ്ലോക്ക് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ബ്ലോക്കില്‍ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും ഈ കെട്ടിടത്തില്‍ സര്‍ക്കിള്‍ ഓഫിസ് തുടങ്ങുക. അതേസമയം, ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്ന സ്ഥലത്തുനിന്നു നീക്കം ചെയ്ത മണ്ണ് ഈ കെട്ടിടത്തിന് മുന്നിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിഎഫ്പിസികെയും നാളികേര വികസന സമിതിയും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറ് വര്‍ഷമായി മൂത്തേടത്ത് വാടക കെട്ടിടത്തിലാണ് വിഎഫ്പിസികെ പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it