അനുമതിയില്ല; പാലക്കാട്ടെ 3,000ത്തോളം കര്‍ഷകര്‍ക്ക് കൃഷിയിറക്കാനാവുന്നില്ല

എം എം സലാം

പാലക്കാട്: നെല്ലിയാമ്പതിയിലെ പോബ്‌സ് ഗ്രൂപ്പിന്റെ കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ വഴിവിട്ടു സഹായം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ കരുണ എസ്‌റ്റേറ്റിന് വിളിപ്പാടകലെയുള്ള മൂവായിരത്തോളം ചെറുകിട കര്‍ഷകരുടെ ന്യായമായ അവകാശങ്ങളോട് മുഖം തിരിക്കുന്നു. പാലക്കാട് ജില്ലയിലെ ഫോറസ്റ്റ് ട്രൈബ്യൂണല്‍ കോടതിയില്‍ നിന്നും മൂവായിരത്തോളം കേസുകളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ വിധിയുണ്ടായിട്ടും അവരുടെ ഭൂമിക്ക് എന്‍ഒസി നല്‍കുന്നതിനോ കരം സ്വീകരിക്കുന്നതിനോ റവന്യൂ വകുപ്പും വനം വകുപ്പും തയ്യാറാവുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
1971ലെ വന ദേശവല്‍ക്കരണ നിയമപ്രകാരം അന്നുവരെ കര്‍ഷകര്‍ കൈവശം വച്ചനുഭവിച്ചിരുന്ന മലയോരപ്രദേശങ്ങളിലെ നിരവധി ഏക്കര്‍ ഭൂമി വനം വകുപ്പിന് അവകാശപ്പെട്ടതാണെന്നു കണ്ടെത്തി സര്‍ക്കാരിലേക്ക് ഏറ്റെടുത്തിരുന്നു. തങ്ങ ള്‍ കൃഷി ചെയ്ത് ഉപജീവനം നടത്തിവന്ന ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനെതിരേ അന്ന് മുതല്‍ കര്‍ഷകര്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പാലക്കാട് ജില്ലയില്‍ മാത്രം പതിനായിരത്തോളം ഏക്കര്‍ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു.
1978,79, 80 കാലഘട്ടങ്ങളിലാണ് ഇപ്രകാരമുള്ള ഭൂമിയേറ്റെടുക്കലുകള്‍ കൂടുതലും നടന്നത്. ഭൂമിയേറ്റെടുക്കലുകള്‍ക്കെതിരേ രാഷ്ട്രീയപ്പാര്‍ട്ടികളെയും സ ര്‍ക്കാരിനെയും പലതവണ സമീപിച്ചു നിരാശരായ കര്‍ഷകര്‍ പിന്നീട് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തുടങ്ങി. 1985നു ശേഷം ഇത്തരം കേസുകളില്‍ ഭൂരിഭാഗവും കര്‍ഷകര്‍ക്ക് അനുകൂലമായി പാലക്കാട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ കോടതിയില്‍ നിന്നും വിധിയും വന്നു. 3,127 കേസുകളിലാണ് ഭൂമി കര്‍ഷകര്‍ക്കുതന്നെ അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
എന്നാല്‍, കര്‍ഷകര്‍ക്ക് അനുകൂലമായി കോടതിവിധി വന്ന ശേഷവും പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്തത്. ഈ കര്‍ഷകരുടെ ഭൂമി സംബന്ധമായ വില്ലേജ് ഓഫിസ് രേഖകളില്‍ ബ്ലാക്മാര്‍ക്ക് രേഖപ്പെടുത്തി. ഈ ഭൂമിയില്‍നിന്നു നികുതി സ്വീകരിക്കാനോ എന്‍ഒസി നല്‍കാനോ വനം വകുപ്പും റവന്യൂ വകുപ്പും തയ്യാറായില്ല. ഇതുമൂലം തങ്ങളുടെ ഭൂമിയില്‍ കൃഷിയിറക്കാന്‍ സാധിക്കാതെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമിയാണ് പാലക്കാട് ജില്ലയില്‍ മാത്രം ഇപ്പോഴും തരിശായി കിടക്കുന്നത്. ഈ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ വില്‍പന നടത്താനോ സാധിക്കില്ല.
കര്‍ഷകര്‍ക്ക് അനുകൂലമായി വന്ന വിധിക്കെതിരേ വനം വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. മേല്‍ക്കോടതിയിലെ വിധി വരുന്നതുവരെ ഈ ഭൂമിയില്‍ നിന്ന് ഒരു വിളവെടുപ്പും അനുവദിക്കില്ലെന്നാണ് വനം വകുപ്പുദ്യോഗസ്ഥരുടെ ഭാഷ്യം. കൃഷിയിറക്കിയ കര്‍ഷകര്‍ക്കെതിരേ കേസെടുക്കുകയും അതിരു തിരിച്ച സൗരോര്‍ജ വേലികള്‍ നശിപ്പിക്കുകയും വിളവുകള്‍ എടുത്തു കൊണ്ടുപോവുകയും ചെയ്ത നിരവധി സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ മാസം വനഭൂമി ജണ്ട കെട്ടിത്തിരിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും ഒരു കോടി രൂപ വനം വകുപ്പിന് അനുവദിച്ചിരുന്നു. ഈ തുക ചിലവഴിച്ചുവെന്നു വരുത്തിത്തീര്‍ക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ രീതിയിലാണ് സര്‍ക്കാര്‍ ഭൂമി കെട്ടിത്തിരിച്ചതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുതലമടയില്‍ വിവിധ കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള 100 ഏക്കര്‍ ഭൂമി—ക്കു നടുവിലുള്ള 25 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഭൂമിയാണെന്നു കാണിച്ച് ജണ്ട കെട്ടിത്തിരിച്ചത്. ജണ്ട കെട്ടിത്തിരിച്ച സര്‍ക്കാര്‍ ഭൂമിയിലേക്കു കര്‍ഷകരുടെ ഭൂമിയിലൂടെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കൂവെന്നിരിക്കേ സര്‍ക്കാരിന്റെ തുക ചിലവഴിച്ചുവെന്നു വരുത്തിത്തീര്‍ക്കാനുളള ഉദ്യോഗസ്ഥരുടെ തന്ത്രമാണിതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
കര്‍ഷകരോടുളള വനം ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം തുടര്‍ക്കഥയായപ്പോള്‍ ജില്ലയിലെ മുന്നൂറോളം കര്‍ഷകര്‍ സംഘടിച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഒലവക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫിസ് രാവിലെ മുതല്‍ ഉപരോധിച്ചിരുന്നു. ഇരുപതു ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്ന സിസിഎഫ്എല്‍ ചന്ദ്രശേഖറുടെ ഉറപ്പിന്‍മേലാണ് ഉപരോധ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it