അനുമതിയില്ലെന്ന് കലക്ടര്‍; തെറ്റിദ്ധരിപ്പിച്ചതായി കമ്മീഷണര്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍. ഏപ്രില്‍ ഒമ്പതാം തിയ്യതി നല്‍കിയ അപേക്ഷക്കുള്ള മറുപടിയായി ക്ഷേത്രത്തില്‍ മല്‍സര കമ്പമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അപേക്ഷ നിരസിച്ച് ഉത്തരവാകുന്നുവെന്നാണ് കലക്ടറുടെ റിപോര്‍ട്ടിലുള്ളത്.
അവസാന നിമിഷം താല്‍ക്കാലിക അനുമതി ലഭിച്ചെന്നാണ് സംഘാടകരുടെ വിശദീകരണം. ആചാരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടാണ് എന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ താല്‍കാലിക അനുമതി നല്‍കിയെന്നാണ് ഇവരുടെ വാദം.
പോലിസിനെ തെറ്റിദ്ധരിപ്പിച്ചാണ് വെടിക്കെട്ട് നടത്തിയതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. അനുമതി വാങ്ങിയതിന് ശേഷം മാത്രം വെടിക്കെട്ട് നടത്താനാണ് പറഞ്ഞതെന്നും എന്നാല്‍, വാക്കാല്‍ അനുമതിയുണ്ടെന്ന് പറഞ്ഞ് നടത്തിയപ്പോള്‍ നിര്‍ത്താനാവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ മല്‍സര കമ്പമാണ് നടന്നതെന്നും പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രം ദേവസ്വം മാനേജിങ് കമ്മിറ്റിയാണ് വെടിക്കെട്ടിനും മല്‍സര വെടിക്കെട്ടിനും അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന്, റവന്യൂ-പോലിസ് വകുപ്പുകളോട് അന്വേഷണം നടത്താന്‍ കലക്ടര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്. സംഭവ ശേഷം ദേവസ്വം പ്രസിഡന്റ് ജയലാല്‍, സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടിപ്പിള്ള എന്നിവരടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഒളിവിലാണ്.
Next Story

RELATED STORIES

Share it