kannur local

അനുമതിയില്ലാത്ത കോഴ്‌സുകള്‍; കോഴ്‌സ് ഫീസ് തിരിച്ചുനല്‍കി സര്‍വകലാശാല തടിതപ്പുന്നു

കണ്ണൂര്‍: അനുമതിയില്ലാത്ത കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങിയ സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വെട്ടില്‍. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ എംഎ മലയാളം, എംഎ അറബിക്, എംബിഎ എന്നീ വിഷയങ്ങളിലാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങിയത്.
കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കാതായതോടെ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അംഗീകാരമില്ലെന്ന കാര്യം മറച്ചുവച്ചാണ് വിദ്യാര്‍ഥികളില്‍ നിന്നു സര്‍വകലാശാല അധികൃതര്‍ ഫീസ് വാങ്ങിയത്. സംഭവം പുറത്തായതോടെ കെഎസ്‌യു ജില്ലാ നേതൃത്വത്തില്‍ ഇന്നലെ വിദൂര വിദ്യാഭ്യാസ ഡയറക്ടരെ ഉപരോധിച്ചു. തുടര്‍ന്ന് വൈകീട്ടോടെയാണ് കോഴ്‌സ് ഫീസിന്റെ റീഫണ്ട് ആവശ്യമുള്ളവര്‍ക്ക് അതു തിരിച്ചു നല്‍കാന്‍ തീരുമാനിച്ചതായി സര്‍വകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്.
കോഴ്‌സുകള്‍ക്ക് യുജിസി ചില സാങ്കേതിക കാരണങ്ങളാല്‍ അംഗീകാരം തന്നില്ലെന്നും അതിനാല്‍ ഈ വര്‍ഷം തന്നെ കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല ഇടപ്പെട്ട് കോഴിക്കോട് സര്‍വകലാശാലയില്‍ നിശ്ചിത കോഴ്‌സുകള്‍ ചെയ്യുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കോഴ്‌സിനു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളോട് ഉടന്‍ വിദൂരവിദ്യാഭ്യാസവുമായി ബന്ധപ്പെടണമെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
ഉപരോധ സമരത്തിനു കെഎസ്‌യു ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, പി പി അമേഷ്, റോബര്‍ട്ട് വെള്ളാംവള്ളി, രാഹുല്‍ വെച്ചിയോട്ട്, എം കെ വരുണ്‍, നികേത് നാറാത്ത്, രാഹുല്‍ തലശ്ശേരി, പി പി ഫര്‍ഹാന്‍, കെ കെ അര്‍ജുന്‍ രാജ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it