kannur local

അനിശ്ചിതത്വത്തിനു വിരാമം; മലയോര ഹൈവേയ്ക്കു പുതുജീവന്‍

ചെറുപുഴ: നിര്‍ദിഷ്ട മലയോര ഹൈവേയുടെ പ്രവൃത്തി ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം തന്നെ പൂര്‍ത്തിയാക്കും. കഴിഞ്ഞദിവസം ഹൈക്കോടതി വിധി വന്നതോടെയാണ് അനിശ്ചിതത്വത്തിനു വിരാമമായത്. സര്‍വേയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മലയോര ഹൈവേയുടെ ഭാഗമായ ചെറുപുഴ പയ്യാവൂര്‍ ഉളിക്കല്‍ റോഡിന്റെ 59 കിലോ മീറ്റര്‍ പ്രവൃത്തി പല ഭാഗത്തും തുടങ്ങിയിരുന്നു.
എന്നാല്‍കരാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനു വേണ്ടി സംഘത്തിനു പ്രവൃത്തി നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതാണ് റോഡ് പ്രവൃത്തി വൈകാനിടയാക്കുമെന്ന ആശങ്കയുയര്‍ത്തിയത്. അക്രഡിറ്റഡ് ഏജന്‍സിക്ക് നല്‍കുന്ന ഒറ്റ പ്രവൃത്തി 25 കോടിയില്‍ കൂടരുതെന്നും ഒരേസമയം ഏല്‍പ്പിക്കുന്ന ജോലികള്‍ മൊത്തം 250 കോടി രൂപയില്‍ കവിയരുതെന്നും ഉള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഊരാളുങ്കല്‍ സംഘത്തിന് ആകെ 977.7 കോടി രൂപ വരുന്ന അഞ്ച് പ്രവൃത്തികള്‍ നല്‍കിയെന്നായിരുന്നു ആക്ഷേപം. ഇതിലൊന്നാണു ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍ റോഡ്.
എന്നാല്‍ തദ്സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവായതോടെയാണ് മലയോര ഹൈവേയ്ക്കു പുതുജീവനേകിയത്. ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോട് വരെ 59 കിലോമീറ്റര്‍ ദൂരമാണ് മെക്കാഡം ടാറിങ് നടത്തുന്നത്. ഇതില്‍ 10 കിലോമീറ്റര്‍ നേരത്തേ കരാര്‍ നല്‍കിയതിനാല്‍ ഇത് ഒഴിവാക്കിയാണ് കരാര്‍ നല്‍കിയിട്ടുള്ളത്. 49 കിലോമീറ്ററിന് 237 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. 205 കോടിയാണ് പ്രവൃത്തിക്കായി സംഘത്തിനു ലഭിക്കുക. നിലവിലുള്ള ടാറിങ് പൂര്‍ണമായി പൊളിച്ചുനീക്കി എട്ട് സെന്റീമീറ്റര്‍ കനത്തിലാണ് ടാറിങ് നടത്തുക. 30 മാസത്തെ കാലാവധിയാണ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് നാലിന് സൈറ്റ് സംഘത്തിന് കൈമാറി ഉത്തരവായിരുന്നു. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. 7.10 മീറ്റര്‍ വീതിയില്‍ റോഡ് ടാര്‍ ചെയ്യും. ബാക്കി ഭാഗത്ത് ഓവുചാല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കും. റോഡിന് വീതി കുറഞ്ഞ ഭാഗങ്ങളില്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് ജനകീയ കമ്മിറ്റികളാണ്. ചെറുപുഴ മുതല്‍ തേര്‍ത്തല്ലി വരെയുള്ള ഭാഗത്ത് പ്രവൃത്തി തുടങ്ങാനുള്ള എല്ലാ നടപടിക്രമങ്ങളും കാരാറെടുത്ത സംഘം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുളള ജനകീയ കമ്മിറ്റികള്‍ ഇനിയും രൂപീകരിച്ചിട്ടില്ല.
എത്രയും വേഗം ജനകീയ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ ടാറിങ് വൈകും. റോഡ് പ്രവൃത്തിക്ക് കരാറായതിനാല്‍ പലയിടത്തും ഇത്തവണ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മഞ്ഞക്കാട് മുതല്‍ ചെറുപുഴ വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അറ്റകുറ്റപ്പണി വൈകുന്നതിനാല്‍ മഴക്കാലമായതോടെ ചെറുപുഴ തിരുമേനി റോഡില്‍ ഗതാഗതം പൂര്‍ണമായും ദുരിതമയമാണ്.
Next Story

RELATED STORIES

Share it