അനിശ്ചിതകാല സിനിമ തിയേറ്റര്‍ പണിമുടക്ക്; നിര്‍മാതാക്കളും വിതരണക്കാരും കോടതിയിലേക്ക്

കൊച്ചി: സര്‍ക്കാരിന്റെ ഇ-ടിക്കറ്റിങ്, സെസ് എന്നിവയ്‌ക്കെതിരേ സിനിമ പ്രദര്‍ശനശാലകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചികാല പണിമുടക്കിനെതിരേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും രംഗത്ത്. മെയ് രണ്ടുമുതല്‍ തിയേറ്ററുകള്‍ അടച്ചിടാനുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ സംവിധാനത്തില്‍ പ്രതിഷേധിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായി കഴിഞ്ഞ ഏഴാം തിയ്യതി തിയേറ്ററുകള്‍ അടച്ചിട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സൂചനാപണിമുടക്കു നടത്തിയിരുന്നു. അന്നത്തെ സൂചനാ പണിമുടക്കുകൊണ്ട് കിങ് ലയര്‍, കലി, ഡാര്‍വിന്റെ പരിണാമം എന്നീ സിനിമകളുടെ കലക്ഷനില്‍ ഭീമമായ നഷ്ടം സംഭവിച്ചു.
അനിശ്ചിതകാല സമരം നടത്താന്‍ ഒരുങ്ങുന്ന എക്‌സിബിറ്റേഴ്‌സിന്റെ തീരുമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും വന്‍ നഷ്ടമാണു വരുത്തുക. നിര്‍മാതാക്കളും വിതരണക്കാരും ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്നതാണ് സര്‍ക്കാരിന്റെ ഇ-ടിക്കറ്റിങ് സംവിധാനം. ഓരോ ദിവസവും ഏറെ വൈകി തിയേറ്ററില്‍ പോയി വരുമാനം തിട്ടപ്പെടുത്തേണ്ട അവസ്ഥയാണ് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ഇ-ടിക്കറ്റിങ് സംവിധാനം നിലവില്‍ വരണമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. സിയാദ് കോക്കര്‍, രഞ്ജിത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it