അനാഥാലയത്തില്‍ വൃദ്ധ മരിച്ചു; മക്കള്‍ക്കെതിരേ കേസ്

കാഞ്ഞങ്ങാട്: വൃദ്ധയായ മാതാവിനെ അനാഥാലയത്തില്‍ ഉപേക്ഷിച്ച മക്കള്‍ക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാതാവ് മരിച്ചിട്ട് മൃതദേഹം കാണാന്‍പോലും മക്കള്‍ എത്തിയിരുന്നില്ല. ജോലിയും സാമ്പത്തിക ശേഷിയുമുണ്ടായിട്ടും മക്കള്‍ സുധാദേവിയെ അനാഥാലയത്തില്‍ തള്ളുകയായിരുന്നു. ജനുവരി 24നാണ് സുധാദേവി മരിച്ചത്.
സുധാദേവിയുടെ മകനും മകളും സര്‍ക്കാരുദ്യോഗസ്ഥരാണ്. മകള്‍ എസ് ആര്‍ ബിന്ദു കണ്ണൂരില്‍ ചീഫ് മെഡിക്കല്‍ ഓഫിസറായാണ് ജോലിചെയ്യുന്നത്. മകന്‍ സന്തോഷ് കാഞ്ഞങ്ങാട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററാണ്. ജീവിച്ചിരിക്കുമ്പോള്‍ പോലും സുധാദേവിയെ കാണാന്‍ മക്കള്‍ അനാഥമന്ദിരത്തില്‍ പോയിരുന്നില്ല. മരിക്കുന്നതിന് മുമ്പ് മക്കളെ ഒരു നോക്കുകാണാന്‍ മാതാവ് അതിയായി ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അനാഥമന്ദിരം നടത്തിപ്പുകാര്‍ മക്കളെ അറിയിച്ചെങ്കിലും ആരും വന്നില്ല. ഉദ്യോഗസ്ഥരായ മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സുധാദേവി തിരുവനന്തപുരത്ത് ശ്രീനാരായണ വനിതാ കള്‍ച്ചറല്‍ അസോസിയേഷന്റെ ശരണാലയത്തിലാണ് കഴിഞ്ഞിരുന്നത്.
സംഭവം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത്‌വന്നതോടെ മക്കളുടെ ചെയ്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഒരു സാംസ്‌കാരിക സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ മക്കള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഈ മരണത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാകലക്ടര്‍ എന്നിവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it