Kollam Local

അനാഥാലയങ്ങളെ തകര്‍ക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന്

കൊല്ലം: കഴിഞ്ഞ മാര്‍ച്ച് 15 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനാഥാലയങ്ങളെ തകര്‍ക്കുന്നതാണെന്നും ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സംയുക്ത ഓര്‍ഫനേജ് മാനേജ്‌മെന്റ് യോഗം. ഈ ഉത്തരവനുസരിച്ച് ഒരു സ്ഥാപനവും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും ഇന്നലെ കൊല്ലത്ത് കൂടിയ തെക്കന്‍ കേരളത്തിലെ ഓര്‍ഫനേജ് മാനേജ്‌മെന്റ് സംയുക്തയോഗം തീരുമാനിച്ചു. നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ ജെജെ ആക്ട് പ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന 2010 ലെ സര്‍ക്കാര്‍ ഉത്തരവ് അതേപടി നിലനിര്‍ത്തണം. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്കും സര്‍ക്കാരിനും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് ഓര്‍ഫനേജില്‍ ചേര്‍ന്ന യോഗത്തില്‍ മന്നാനിയ്യാ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് മെംബര്‍ ഫാദര്‍ ജോര്‍ജ് ജോഷ്വാ വിഷയം അവതരിപ്പിച്ചു. വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഒ അബ്ദുര്‍റഹ്മാന്‍ മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ സമദ്, പള്ളിക്കല്‍ കെ.എച്ച് ശറഫുദ്ദീന്‍ മൗലവി, എ.അബ്ദുല്ലാ മൗലവി, ടി.വി അലി, എം. സെയ്തുമുഹമ്മദ് മൗലവി അല്‍ഖാസിമി, പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, കോയിവിള സലിം, കെ കെ ജലാലുദ്ദീന്‍ മൗലവി, മുഹമ്മദ് യൂസുഫ് പി ഐ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it