അനധികൃത സ്വത്ത്: ജ. ബാലകൃഷ്ണനെതിരേ തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരായ ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിനെതിരായ അന്വേഷണം അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ബാലകൃഷ്ണന്റെ ആരോപണവിധേയരായ സഹോദരനും മരുമകനും അഭിഭാഷകരാണ്. കൂടാതെ, സംഭവം അന്വേഷിച്ച ആദായനികുതി വകുപ്പിനു നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായിട്ടുമില്ല. ഇതില്‍ കൂടുതല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി സുപ്രിംകോടതിയെ അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അടങ്ങിയ ഹരജികളുമായി വരുന്നവരെ കോടതി പ്രോത്സാഹിപ്പിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എടുത്ത നിലപാടില്‍ കോടതി സംശയം പ്രകടിപ്പിച്ചു. 100 രൂപ സമ്പാദിക്കുന്നയാള്‍ പത്തു ലക്ഷം രൂപയുടെ സ്വത്ത് വാങ്ങിയാല്‍ അതിന്റെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ കുറച്ചുകൂടി സമയം ചോദിച്ച സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചു. കേസ് ജനുവരി 19നു വീണ്ടും പരിഗണിക്കും. ചീഫ്ജസ്റ്റിസ് ആയിരിക്കെ ബന്ധുക്കളെയും സഹായികളെയും ബിനാമികളാക്കി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ആദായനികുതി തട്ടിപ്പ് നടത്തിയെന്നും ആരോപിച്ചാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന ബാലകൃഷ്ണനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്. സ്വത്തുസമ്പാദനം സിബിഐ അന്വേഷിക്കണം എന്നും  ഹരജിയില്‍ കോമണ്‍ കോസ്  ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it