അനധികൃത സ്വത്ത് അനില്‍ ഗോയലിന് സിബിഐ നോട്ടീസ്

തിരുവനന്തപുരം: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളായ കൈക്കൂലിക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ചീഫ് ഇന്‍കം ടാക്‌സ് ഓഫിസര്‍ അനില്‍ ഗോയലിനോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിബിഐ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി അനില്‍ ഗോയലിനു സിബിഐ നോട്ടീസ് അയച്ചു. അതേസമയം, ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അനില്‍ ഗോയല്‍ ഒളിവിലാണെന്നാണ് സിബിഐക്ക് ലഭിച്ച വിവരം. അനില്‍ ഗോയല്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. കേസില്‍ അറസ്റ്റിലായ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടി, ആദായനികുതി ഓഫിസര്‍ ശരത് എന്നിവരെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൈക്കൂലിക്കേസില്‍ ശൈലേന്ദ്ര മമ്മടിയെയും ശരത്തിനെയും അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസമ്പാദനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതേത്തുടര്‍ന്നാണ് ചീഫ് ഇന്‍കം ടാക്‌സ് ഓഫിസര്‍ അനില്‍ ഗോയലിന്റെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. ആറു കിലോ സ്വര്‍ണവും കോടികളുടെ സ്വത്തുസമ്പാദനത്തിന്റെ രേഖകളും സിബിഐ കണ്ടെത്തി. ഡല്‍ഹിയിലും ഹൈദരാബാദിലും ഇയാള്‍ക്ക് സ്വത്തുണ്ടെന്നാണ് വിവരം. പരിശോധന ഇപ്പോഴും തുടരുകയാണ്. കൈക്കൂലിക്കേസില്‍ കേരളത്തില്‍ അറസ്റ്റ് നടക്കുമ്പോള്‍ അനില്‍ ഗോയല്‍ ഡല്‍ഹിയിലായിരുന്നു. അനില്‍ ഗോയലിന്റെ ഇടനിലക്കാരനായ കുമാര്‍ ചോദ്യം ചെയ്തു വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്തിരുന്നു. അനില്‍ ഗോയലിനു നല്‍കാനായി ശരത് കൈമാറിയ 10 ലക്ഷം രൂപ കുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സിബിഐ കണ്ടെത്തിയിരുന്നു. ഈ പണം അനില്‍ ഗോയലിനു കൈമാറാനായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അനില്‍ ഗോയലിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം,  കൈക്കൂലിക്കേസില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ചിലര്‍ സിബിഐയുടെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it