ernakulam local

അനധികൃത വാഹന പാര്‍ക്കിങ് ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിക്കാന്‍ ശ്രമം

ആലുവ: ദേശീയപാതയ്ക്കരികിലെ അനധികൃത പാര്‍ക്കിങ് മൂലം വാഹനാപകടങ്ങള്‍ പതിവായതോടെ ഇത് ചോദ്യം ചെയ്ത നാട്ടുകാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ ദേശീയപാതയില്‍ ആലുവ കമ്പനിപ്പടി മുസ്‌ലിം പള്ളിക്ക് സമീപത്തായിരുന്നു സംഭവം.
മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് കാല്‍നടയാത്രക്കാര്‍ക്ക് പോലും കടന്നുപോവാന്‍ കഴിയാത്ത രീതിയില്‍ ഗതാഗത പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ഈ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വലിയ ടോറസ് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യല്‍ പതിവാണ്. ഇന്നലെയും ഇതുമൂലം 4 വാഹനങ്ങള്‍ ഒരേസമയം അപകടത്തില്‍പ്പെട്ടിരുന്നു. നിരന്തരമായ വാഹനാപകടങ്ങളെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അനധികൃത വാഹന പാര്‍ക്കിങ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ വാഹനങ്ങള്‍ നീക്കംചെയ്യാന്‍ ഉടമ തയ്യാറായില്ല. ഇതിനിടയില്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ, ഗുണ്ടാസംഘത്തെ നിയോഗിച്ച് മര്‍ദ്ദിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്. പോലിസ് സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറികള്‍ പോലിസ് നീക്കംചെയ്തു. ഈ ഭാഗത്ത് മെട്രോ നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാവുന്നതായി ആരോപിച്ച് നാട്ടുകാര്‍ ഈ ഭാഗത്തെ മെട്രോ നിര്‍മാണവും ഏറെനേരം തടഞ്ഞു. ഇതിനെ തുടര്‍ന്ന് ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, ബുദ്ധിമുട്ടുണ്ടാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ നീക്കംചെയ്യാനും, ഈ ഭാഗത്തെ വെള്ളക്കെട്ട് ഉടന്‍ പരിഹരിക്കാനും തീരുമാനിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറിമാരായ നസീര്‍ ചൂര്‍ണ്ണിക്കര, വില്ല്യം ആലത്തറ, ബിജോയ് കല്ലൂക്കാരന്‍, വില്‍സണ്‍ ജോര്‍ജ് സമരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it