kasaragod local

അനധികൃത മല്‍സ്യബന്ധനം കര്‍ശനമായി തടയും

കാസര്‍കോട്: ജില്ലയില്‍ അനധികൃത മല്‍സ്യബന്ധനം കര്‍ശനമായി തടയാന്‍ ആര്‍ഡിഒ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചെറുവത്തൂര്‍ മടക്കര ഫിഷിങ് ഹാര്‍ബര്‍ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ആഴക്കടലില്‍ കുലച്ചില്‍, പഴകിയ വലകള്‍, കമ്പികള്‍ എന്നിവ നിക്ഷേപിച്ച് കൂന്തല്‍ പോലെയുള്ള മല്‍സ്യങ്ങള്‍ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാന്‍ യോഗം നിര്‍ദേശിച്ചു.
മതിയായ രേഖകളില്ലാത്ത അന്യസംസ്ഥാന മല്‍സ്യബന്ധന യാനങ്ങള്‍ തീരദേശം വിട്ടുപോകണം. പട്രോളിങ് കാര്യക്ഷമമായി നടത്താന്‍ ജില്ലയില്‍ ഫിഷറീസ് സ്റ്റേഷന്‍ നിര്‍മാണം അടിയന്തിരമായി ആരംഭിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. തീരപ്രദേശങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സ്വയം കൈകാര്യം ചെയ്യാതെ റവന്യൂ, പോലിസ്, ഫിഷറീസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കണമെന്നും തൊഴിലാളികള്‍ നിയമം കൈയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്നും യോഗം നിര്‍ദേശിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ പത്മനാഭന്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, മല്‍സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ അജിത, വിവിധ സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it