Alappuzha local

അനധികൃത മണ്ണു കടത്ത് സജീവം

ചാരുംമൂട്: തിരഞ്ഞെടുപ്പിന്റെ മറവില്‍ അനധികൃത മണ്ണ് കടത്ത് സജീവമായി. തിരഞ്ഞെടുപ്പ് ജോലിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രദ്ധകേന്ദ്രീകരിച്ചത് മുതലെടുത്താണ് ജില്ലയില്‍ മണ്ണ് മാഫിയ സംഘം വിലസുന്നത്.
കായംകുളം- അടൂര്‍ റോഡില്‍ പുലര്‍ച്ചെ മുതല്‍ ടിപ്പര്‍ ലോറികളില്‍ അനധികൃത മണ്ണു കടത്ത് പതിവാണ്. ഒരു തവണ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് ആഴ്ചകളോളം മണ്ണു കടത്തുകയാണു പതിവ്.
മേഖലയില്‍ വ്യാപകമായി നിലം നികത്തലുകളും ആരംഭിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ കൊള്ളാവുന്നതില്‍ അധികം മണ്ണുമായി ടിപ്പര്‍ ലോറികള്‍ കെപി റോഡു വഴി അമിത വേഗതയില്‍ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്. പിന്നില്‍ സഞ്ചരിക്കുന്ന ഇരു ചക്ര വാഹന യാത്രക്കാരുടെ കണ്ണിലേക്ക് മണ്ണു തെറിച്ചുവീണ് അപകടമുണ്ടാവുന്നത് നിത്യസംഭവമായി മാറി. ഇതിനെതിരേ പ്രതികരിക്കാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. പ്രതികരിച്ചവര്‍ക്കെതിരേ ഗുണ്ടാ ആക്രമണവും തെറിവിളിയും ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെയാണ് മണ്ണ് മാഫിയ സംഘം വിലസുന്നത്. നിയമ പാലകരും ഇവര്‍ക്കെതിരേ കാര്യമായ പരിശോധനകള്‍ നടത്താറില്ല.
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. വ്യാജ സ്റ്റിക്കര്‍ പതിച്ചാണു മിക്ക ടിപ്പര്‍ ലോറികളും അനധികൃത മണ്ണു കടത്തിന് രംഗത്തുള്ളത്.
Next Story

RELATED STORIES

Share it