ernakulam local

അനധികൃത മണല്‍; കേസെടുക്കാതിരുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി

ആലുവ: പെരിയാറില്‍ നിന്നും അനധികൃതമായി വാരിയ അഞ്ച് ലോഡ് മണല്‍ പിടികൂടിയിട്ടും വീട്ടുടമക്കെതിരെ പൊലിസ് കേസെടുക്കാതിരുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.
ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എസ്പി. സ്‌ക്വാഡ് പിടികൂടിയ മണല്‍ അന്ന് തന്നെ തന്നെ ലോക്കല്‍ പൊലിസിന് കൈമാറിയിരുന്നു. കേസില്‍ ആരൊക്കെ പ്രതികളാണെന്ന് താന്‍ പരിശോധിച്ചിട്ടില്ല. ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായി അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു.തോട്ടക്കാട്ടുകര ജിസിഡിഎ റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന ബഹുനില വീട്ടില്‍ നിന്നാണ് കഴിഞ്ഞ മാസം അഞ്ചിന് മണല്‍ ശേഖരം പിടികൂടിയത്.
പെരിയാര്‍ തീരത്ത് അടുപ്പിച്ച വഞ്ചിയില്‍ നിന്നും തലച്ചുമടായി മണല്‍ വീടിന്റെ ഭൂഗര്‍ഭ അറയിലേക്ക് നീക്കുമ്പോഴാണ് റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് പിടികൂടിയത്. പൊലിസിനെ കണ്ടയുടന്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയും ഇടനിലക്കാരന്‍ പിടിയിലാകുകയും ചെയ്തിരുന്നു.
എന്നാല്‍ ഉന്നത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വീട്ടുടമയെ പൊലിസ് കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റവന്യു വകുപ്പ് മണല്‍ ലേലത്തിനെത്തിയപ്പോഴാണ് വീട്ടുടമ പ്രതിയല്ലെന്ന വിവരം പുറത്തായത്.
ഇതോടെ നാട്ടുകാരും സിപിഐ പ്രവര്‍ത്തകരും പൊലിസിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും റൂറല്‍ എസ്പിക്കും പരാതി നല്‍കുമെന്ന് എഐഐഎഫ് ജില്ലാ ജോ: സെക്രട്ടറി പി എം ഫിറോസ് അറിയിച്ചു.
കേന്ദ്ര സര്‍വീസില്‍ നിന്നും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍വീസിലേക്ക് മടങ്ങിയെത്തിയ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ളതാണ് നിര്‍മാണത്തിലിരിക്കുന്ന വീട്. ഇവരുടെ അടുത്ത ബന്ധുവാണ് വിവാദ മണല്‍ ലേലത്തില്‍ പിടിച്ചത്.
Next Story

RELATED STORIES

Share it