അനധികൃത മണല്‍വാരല്‍: തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിസ്സംഗത

പി പി ഷിയാസ്

തിരുവനന്തപുരം: അനധികൃത മണല്‍വാരല്‍ തടയുന്നതിലും നിയമം അനുശാസിക്കുന്ന രീതിയില്‍ കടവുകള്‍ സംരക്ഷിക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതായി റിപോര്‍ട്ട്. ഒരു കടവിലെ മണല്‍വാരല്‍ നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ ചെയര്‍മാനായ വിദഗ്ധസമിതിയില്‍ നിക്ഷിപ്തമായിരിക്കെ അദ്ദേഹത്തിന്റെ പല ഉത്തരവുകളും പാലിക്കപ്പെടുന്നില്ല. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും രാത്രികാല മണല്‍വാരല്‍ നിരീക്ഷിക്കുന്നതിനും തടയാനുമുള്ള സംവിധാനമില്ലെന്നും ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മണലിന്റെ വരവുചെലവു കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ല. ഇ-മണല്‍ സംവിധാനം വന്നതിനു ശേഷമുള്ള കണക്കുകള്‍ ശരിയായി സൂക്ഷിച്ചിട്ടില്ലെന്നും മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി അക്കൗണ്ട് ചെയ്യുന്നില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് 2007ലെ കേരള മുനിസിപാലിറ്റി അക്കൗണ്ട് ചട്ടം 17(3)നു വിരുദ്ധമാണ്. ഇതിനുദാഹരണമായി കോഴിക്കോട് നഗരസഭയുടെ ബേപ്പൂര്‍ മേഖലാ ഓഫിസ് ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന സ്ഥാപനമാണെന്ന് റിപോര്‍ ട്ട് ചൂണ്ടിക്കാട്ടുന്നു.
2001ലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമത്തിലെ വകുപ്പ് 17(2), 2002 ലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങളിലെ ചട്ടം 22(2) എ- എന്നിവ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ മണല്‍വില്‍പനയിലൂടെ സ്വരൂപിക്കുന്ന തുകയുടെ 50 ശതമാനം റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്ക് ഒടുക്കേണ്ടതാണ്. എന്നാല്‍, ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും ഈ തുകയുടെ ഒടുക്കല്‍ സംബന്ധിച്ച രശീതി സൂക്ഷിക്കുന്നില്ല. മണല്‍പാസ് വിതരണത്തിലും നിരവധി അപാകതകള്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒപ്പം സെക്രട്ടറിയുടെ ചുമതലാ നിര്‍വഹണം, രജിസ്റ്ററുകളുടെ സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ കേരള നദീതീര സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു.
പാസ് പുതുക്കി നല്‍കുമ്പോ ള്‍ അതില്‍ മണല്‍ എടുത്തിട്ടില്ലെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്നിരിക്കെ തദ്ദേശസ്ഥാപനങ്ങളില്‍ പലതും ഈ നിര്‍ദേശം പാലിക്കുന്നില്ല. വ്യവസ്ഥകള്‍ പാലിക്കാതെ പാസ് പുതുക്കി നല്‍കുന്നത് പഞ്ചായത്ത് ഫണ്ടുള്‍പ്പെടെയുള്ള പൊതുഫണ്ടുകള്‍ക്കു നഷ്ടമുണ്ടാക്കുമെന്നും അധികൃതരുടെ ഒത്താശയോടെയുള്ള മണല്‍ക്കടത്തിനു വഴിവയ്ക്കുമെന്നും ഓഡിറ്റ് റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
മണല്‍ എടുക്കാത്ത പാസുകള്‍ 3 ദിവസത്തിനകം പുതുക്കിനല്‍കാന്‍ മാത്രമേ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുള്ളൂ. എന്നാല്‍, മാസങ്ങള്‍ പഴക്കമുള്ള പാസുകള്‍ പോലും പുതുക്കി നല്‍കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള കടവുകളിലെ മണല്‍വാരല്‍ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക, മണല്‍വാരുന്ന വള്ളങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുക, വള്ളങ്ങള്‍ക്ക് തിരിച്ചറിയല്‍ ബോ ര്‍ഡുകള്‍ നല്‍കുക, തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍, ഈ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നില്ല. നല്ലൊരു ശതമാനം തദ്ദേശസ്ഥാപനങ്ങളിലും തൊഴിലാളികളുടെയും വള്ളങ്ങളുടെയും രജിസ്‌ട്രേഷന്‍ നടത്തി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നില്ല. രജിസ്‌ട്രേഷന്‍ നടത്തിയ സ്ഥാപനങ്ങള്‍ അവ കാലാകാലങ്ങളില്‍ പുതുക്കുന്നില്ല. മാത്രമല്ല, പഞ്ചായത്തീരാജ് ആക്ട് വകുപ്പ് 204(1) എ- പ്രകാരം 60 ദിവസത്തിനകം പഞ്ചായത്ത് തൊഴില്‍നികുതി ചുമത്തണം. എന്നാല്‍, ഇതും പാലിക്കപ്പെടുന്നില്ല. മിക്കയിടങ്ങളിലും കടവുകമ്മിറ്റികള്‍ സജീവമല്ല. കടവുകള്‍ സംരക്ഷിക്കുന്നതിലും പിന്നാക്കം പോയിട്ടുണ്ട്. ഇതോടൊപ്പം, നദീതീര സംരക്ഷണത്തിനായി കടവില്‍ ഭിത്തി കെട്ടുന്നതിനുള്ള ശുപാര്‍ശകള്‍ അല്ലാതെ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനോ ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാനോ ഒരു തദ്ദേശസ്ഥാപനങ്ങളും ശ്രമിച്ചിട്ടില്ലെന്നും ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it