kozhikode local

അനധികൃത മണലെടുപ്പ്; അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തില്‍ സാഹസിക റെയ്ഡ്

മുക്കം: അനധികൃത മണലെടുപ്പ് വ്യാപകമായ കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ കടവുകളില്‍ അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണയുടെ നേതൃത്വത്തില്‍ അതിസാഹസികമായി നടത്തിയ റെയ്ഡില്‍ അഞ്ച് ലോഡ് മണലും മൂന്ന് തോണികളും പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതല്‍ നടന്ന റെയ്ഡിലാണ് മണലും തോണിയും പിടികൂടിയത്. സ്പീഡ് ബോട്ടായ ചാലിയാര്‍ രക്ഷകനിലെത്തിയായിരുന്നു റെയ്ഡ്.
പരിശോധനയില്‍ ചെറുവാടി ഭാഗത്ത് മാത്രം ചാലിയാറില്‍ പതിനഞ്ചിടത്ത് അനധികൃത കടവുകള്‍ ഉണ്ടന്ന് കണ്ടെത്തി. ഉദേ്യാഗസ്ഥരെ കണ്ട് മോഷ്ടാക്കള്‍ മണല്‍ തൊണികള്‍ പുഴയില്‍ താഴ്ത്തി രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ടു തോണികള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൂര്‍ണമായും നശിപ്പിച്ചു. പഞ്ചായത്ത് നല്‍കിയ നമ്പറുകള്‍ മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു തോണികള്‍. മണല്‍വാരല്‍ ഇല്ലാത്ത സമയങ്ങളില്‍ തോണികള്‍ പൂര്‍ണമായും കരക്ക് കയറ്റിയിടണമെന്നാണ് ചട്ടം. തോണിക്ക് വ്യക്തമായി നമ്പര്‍ കാണുന്നത് പോലെ 4 ഭാഗത്തും നമ്പര്‍ എഴുതിയിരിക്കുകയും വേണം. കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ കടവുകളില്‍ ചാലിയാര്‍, ഇരു വഴിഞ്ഞി പുഴകളിലായി വന്‍തോതിലാണ് അനധികൃത മണല്‍വാരല്‍ നടക്കുന്നത്. ഇതിനെതിരെ മുക്കം പോലിസില്‍ പരാതി നല്‍കിയാലും ഫലമില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡ്. മണല്‍ മാഫിയ പല സ്ഥലങ്ങളിലും ഉേദ്യാഗസ്ഥര്‍ക്കെതിരേ വലിയ രീതിയില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് ജീവന്‍ പണയം വച്ച് റവന്യൂ ഉദേ്യാഗസ്ഥരുടെ റെയ്ഡ്. റെയ്ഡിന് അസിസ്റ്റന്റ് കലക്ടടെ കൂടാതെ റവന്യു ഉദേ്യാഗസ്ഥരായ അനില്‍കുമാര്‍, അനുജിത്ത്, അമര്‍ ജ്യോതി, സുധീഷ്, നന്ദകുമാര്‍ നേതൃത്വം നല്‍കി.
കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ കടവുകളില്‍ അനധികത മണല്‍വാരല്‍ വ്യാപകമായ സാഹചര്യത്തില്‍ കൊടിയത്തൂര്‍ വില്ലേജ് ഓഫിസില്‍ ഒരു ജോലിയും നടക്കാത്ത അവസ്ഥയാണന്ന് വില്ലേജ് ഓഫിസര്‍ ബാബുരാജ് പറഞ്ഞു. ദിവസവും മണല്‍വേട്ട അന്വേഷിക്കേണ്ട അവസ്ഥയില്‍ ഓഫിസിലിരിക്കാന്‍ സമയമില്ല. ഈ സാഹചര്യത്തില്‍ അനധികൃത കടവുകള്‍ അടച്ചുപൂട്ടണമെന്ന' പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it